തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ മന്ത്രി എം.എം.മണിയെ വീണ്ടും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ മണിയുടെ പ്രസംഗം വളച്ചൊടിച്ചു. മണിയുടെ പ്രസംഗം എഡിറ്റ് ചെയ്താണ് മാധ്യമങ്ങൾ നൽകിയത്. മണിയുടെ പ്രസംഗം മുഴുവൻ കേട്ടാൽ കുറ്റക്കാരനല്ലെന്ന് മനസ്സിലാകും. മണിയെ മണി അല്ലാതാക്കാനുളള ശ്രമം മുൻപും നടന്നിട്ടുണ്ട്. എന്തിനാണ് ഒരു വ്യക്തിയെ ഇങ്ങനെ ആക്ഷേപിക്കുന്നത്?. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല. എന്നിട്ടും മണി ഖേദം പ്രകടിപ്പിച്ചു. മാന്യമായി ആ ഖേദപ്രകടനം അംഗീകരിക്കുകയാണ് വേണ്ടത്. മണി ഖേദം പ്രകടിപ്പിച്ചതിനാൽ ചർച്ച വേണ്ട. സഭയുടെ വിലപ്പെട്ട സമയം കളയരുതെന്നും പിണറായി പറഞ്ഞു.

മൂന്നാറിൽ പൊമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തുന്ന സമരത്തെയും പിണറായി ശക്തമായ ഭാഷയിൽ വിമർശിച്ചു. വിരലിലെണ്ണാവുന്നർ മാത്രമാണ് സമരത്തിലുളളത്. അതിൽ ഒരു ഭാഗത്ത് കോൺഗ്രസും മറുഭാഗത്ത് ബിജെപിയുമാണ്. സമരത്തിന് ജനപിന്തുണയില്ല. മൂന്നാറിൽ സമരം ചെയ്യുന്നവർക്കെതിരെ അനാവശ്യ കേസെടുത്തിട്ടില്ല. ഗാതഗതവും പൊലീസിനെയും തടഞ്ഞതിനാണ് കേസെടുത്തത്. മണി പറയാത്ത കാര്യങ്ങളാണ് സമരക്കാർ ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മൂന്നാറിൽ കുരിശു പൊളിച്ചു നീക്കിയതിനെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. കുരിശ് പൊളിച്ചു നീക്കിയത് ആലോചനയില്ലാതെയാണ്. ഏതെങ്കിലും മതവിശ്വാസത്തിന് എതിരല്ല സർക്കാർ. മതന്യൂനപക്ഷത്തിന് സർക്കാർ എതിരാണെന്ന് വരുത്തിത്തീർക്കാനാണ് ഇത്തരം പ്രവൃത്തികളിലൂടെ ശ്രമിക്കുന്നത്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കും. സർക്കാരിന്റെ നയം നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം. അങ്ങനെ അല്ലാത്ത ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

എം.എം.മണിയുടേത് നാടൻ ശൈലിയെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. എതിരാളികൾ അതിനെ പർവതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ