തിരുവനന്തപുരം: കേരളാ പൊലീസിനെ ശാസിച്ചും അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാന്‍ പാടില്ലെന്ന് പിണറായി വിജയന് പറഞ്ഞു. ചട്ടവിരുദ്ധമായ കാര്യങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ ഒരുകാരണവശാലും സംഭവിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പൊലീസുകാരും പൊതുചട്ടങ്ങള്‍ പാലിക്കണം. സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ നോക്കിയല്ല പൊലീസ് ജനങ്ങളോട് പെരുമാറേണ്ടത്. കുറ്റം ചെയ്ത എല്ലാവരെയും ഒരുപോലെ കാണാന്‍ സാധിക്കണം. തെറ്റ് ചെയ്തവര്‍ക്കെതിരെ ചട്ടപ്രകാരം എല്ലാ നിയമനടപടികളും സ്വീകരിക്കണം. എന്നാല്‍, വൈകൃതമായ നടപടികള്‍ പൊലീസില്‍ നിന്നുണ്ടാകരുത് എന്ന് പിണറായി വിജയന് പറഞ്ഞു.
Read Also: പൊലീസിലെ മൂന്നാം മുറയും അഴിമതിയും വച്ചുപൊറിപ്പിക്കില്ലെന്ന് പിണറായി വിജയൻ
പൊലീസ് സേനയില്‍ ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഗൗരവമായി കാണണം. 1957 ലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ലോക്കപ്പ് മര്‍ദനം അടക്കമുള്ള നടപടികള്‍ അവസാനിപ്പിച്ചതാണ്. എന്നാല്‍, അതെല്ലാം തുടരുന്ന സാഹചര്യം വീണ്ടും വന്നിരിക്കുകയാണ്. സ്വഭാവ വൈകൃതങ്ങള്‍ക്ക് പൊലീസ് അടിമപ്പെടാന്‍ പാടില്ല. പൊലീസിന് ക്രൂരതയുടെ മുഖമാകരുത്. ഔന്നിത്യബോധത്തോടെ വേണം മറ്റുള്ളവരെ സമീപിക്കാന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കാം. എന്നാല്‍, ലോക്കപ്പ് മര്‍ദനങ്ങളും വൈകൃത രീതികളും തുടരാന്‍ പാടില്ല എന്നും പിണറായി വിജയന് പറഞ്ഞു.
ശബരിമല പ്രക്ഷോഭ സമയത്തും പ്രളയ സമത്തും പൊലീസ് നടത്തിയ ഇടപെടലുകളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള വര്‍ഗീയ കോമരങ്ങളുടെ ശ്രമത്തെ ചെറുത്ത് തോല്‍പ്പിച്ചത് പൊലീസാണ്. സമയോചിതമായ ഇടപെടലാണ് ശബരിമല സന്നിധാനത്ത് പൊലീസ് നടത്തിയത്. അതില്‍ സേന അഭിനന്ദനം അര്‍ഹിക്കുന്നു. പ്രളയ സമയത്തും പൊലീസ് സേനയിലുള്ളവര്‍ സമയോചിതമായി പ്രവര്‍ത്തിച്ചു എന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.