തിരുവനന്തപുരം: സർക്കാരിന്‍റെ ഭാഗത്ത് വീഴ്ചകൾ ഉണ്ടായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടക്കാൻ പാടില്ലാത്ത പല സംഭവങ്ങളും പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായെന്ന് മുഖ്യമന്ത്രി തുറന്നു പറഞ്ഞു.

യുഡിഎഫ് കാലത്തെ ഹാങ് ഓവറാണ് വീഴ്ച്ചയ്ക്ക് കാരണമായത്. എൽഡിഎഫ് നയം ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഉള്‍കൊള്ളാനും കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

യുഎപിഎ ചുമത്തുന്നതില്‍ ജാഗ്രത കാട്ടണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അസാധാരണമായ കേസുകളില്‍ മാത്രമേ യുഎപിഎ ചുമത്താന്‍ പാടുള്ളു. രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരേ കാപ്പ നിയമം ചുമത്തരുതെന്നും മൂന്നാം മുറ പാടില്ലെന്നും നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ്- യുഡിഎഫ് സർക്കാരുകളുടെ കാലത്ത് ഡിജിപിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തെ ഉപദേശകനാക്കുന്നതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിച്ചു.
.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ