കൊച്ചി: ഐജി ഓഫീസ് മാര്‍ച്ചിനിടെ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റത് നിര്‍ഭാഗ്യകരമായ സംഭവം ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എംഎല്‍എയെയും സിപിഐ നേതാക്കളെയും ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സൂചന നല്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐക്ക് പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, മാര്‍ച്ചിനിടെയുള്ള പൊലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്ഐ ചൂരലുകൊണ്ട് ആഞ്ഞടിക്കുന്ന ചിത്രമാണ് എൽദോ എബ്രഹാം പുറത്ത് വിട്ടത്. പൊലീസ് അതിക്രമത്തിനുള്ള തെളിവ് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഇതാണെന്നും എംഎൽഎ പറയുന്നു. സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കാൻ ആരുമില്ല. തല്ലിയത് എസ്ഐ തന്നെയാണെന്നതിന് തെളിവുണ്ട്. സ്പീക്കറെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. എംഎൽഎ ആണെന്ന് അറിഞ്ഞിട്ട് തന്നെയാണ് പൊലീസ് തന്നെ അടിച്ചതെന്നും എൽദോ എബ്രഹാം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Also: ലാത്തിച്ചാര്‍ജില്‍ എംഎല്‍എയുടെ കയ്യൊടിഞ്ഞു; മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ച് സിപിഐ
എറണാകുളത്ത് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിയുകയായിരുന്നു. മുതുകത്ത് ലാത്തി കൊണ്ട് അടിയേറ്റ എംഎല്‍എയെ ആദ്യം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അതിനു ശേഷം കൈയ്ക്ക് വേദന അനുഭവപ്പെട്ടതോടെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് കൈക്ക് പൊട്ടലുള്ളതായി അറിയുന്നത്. കയ്യൊടിഞ്ഞതിനാല്‍ വിദഗ്ധ ചികിത്സക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പൊലീസ് ലാത്തിച്ചാര്‍ജിലെ തങ്ങളുടെ അതൃപ്തി സിപിഐ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് പ്രതിഷേധം അറിയിച്ചത്. നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ലാത്തിച്ചാർജിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ എറണാകുളം കലക്ടര്‍ എസ്.സുഹാസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ലാത്തി ചാർജിനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്ന് സിപിഐ മുഖ്യമന്ത്രിയോട് പറഞ്ഞു.