തിരുവനന്തപുരം: കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആരാധനാലയങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷിയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ചില നിയന്ത്രണങ്ങളുണ്ട്. എന്നാൽ, കൊറോണ വെെറസ് ബാധയുടെ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ഒരുപടി കൂടി കടന്ന് ആരാധനാലയങ്ങൾ ചിന്തിക്കണം. അതീവ ജാഗ്രത പുലർത്തേണ്ട സമയമാണ്. വാങ്ക് വിളി കേൾക്കുമ്പോൾ വീട്ടിലിരുന്ന് നിസ്‌കരിക്കുന്ന രീതിയിലേക്ക് പല രാജ്യങ്ങളിലേയും ആരാധനാലയങ്ങൾ മാറിയിട്ടുണ്ട്. പള്ളികളിലും ക്ഷേത്രങ്ങളിലും ആളുകൾ കൂടുന്ന പരിപാടികൾ കഴിവതും ഒഴിവാക്കണം. ദിനംപ്രതിയുള്ള സാധാരണ ചടങ്ങുകളിൽ മാറ്റം വരുത്താതെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ കുറിച്ച് എല്ലാ മതങ്ങളും ആലാേചിക്കണമെന്നും അതീവ ജാഗ്രത പുലർത്തേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. രക്തദാനത്തിനു മുന്നോട്ടുവന്ന കേരളത്തിലെ യുവാക്കളെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Read Also: കോവിഡ് 19: ബിസിസിഐ ആസ്ഥാനം അടച്ചു, ജീവനക്കാര്‍ വീട്ടില്‍ നിന്നും ജോലി ചെയ്യണം

അതേസമയം, കേരളത്തിൽ മൂന്ന് പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ വെെറസ് ബാധിതരുടെ എണ്ണം 27 ആയി. 24 പേരാണ് ഇപ്പോൾ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. രോഗബാധിതരായ മൂന്ന് പേർ നേരത്തെ സുഖപ്പെട്ടിരുന്നു. മലപ്പുറത്ത് രണ്ട് പേർക്കും കാസർകോട് ഒരാൾക്കുമാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

12,740 പേർ സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1693 സാംപിളുകൾ നെഗറ്റീവ് ആണ്. കൂടുതൽ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ്. വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത വേണം. ആളുകൾ കൂടുന്നത് പരമാവധി ഒഴിവാക്കണം. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടു ഇടപെട്ട 5,200 പേർ അതീവ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: കൊറോണ: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും, പൊതുഗതാഗതം ഒഴിവാക്കണം

ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. ശുചിത്വം പാലിക്കുക. ആളുകൾ കൂടുന്ന പരിപാടികൾ പൂർണ്ണമായും ഒഴിവാക്കുക. പൊതു ഇടങ്ങളിൽ സാനിറ്റെെസർ സ്ഥാപിക്കണം. പൊതു സ്ഥലങ്ങളിൽ സോപ്പ് ഉപയോഗിച്ച് കെെ കഴുകാനുള്ള സൗകര്യം ഒരുക്കണം. കൊറോണ ഭീതിയെ തുടർന്ന് വ്യാപാര മേഖല നിർജീവമാണ്. പലരും കടകൾ തുറക്കുന്നില്ല. ഇത് അത്യന്തം ഗൗരവമുള്ള കാര്യമാണ്. കെഎസ്ആർടിസിക്ക് കോടികളാണ് ഒരു ദിവസം നഷ്‌ടം. സാമ്പത്തിക രംഗം കൂടുതൽ മോശമാക്കും ഇത്. അതുകൊണ്ട് സാമൂഹ്യജീവിതം നിശ്ചലമാകുന്ന അവസ്ഥയുണ്ടാകരുത്. എല്ലാവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വകാര്യ ബസുകൾക്ക് നികുതി അടയ്‌ക്കാൻ കൂടുതൽ സമയം നൽകുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.