കൊച്ചി: കേരള സന്ദര്‍ശനത്തിനെത്തിയ നെതര്‍ലാന്‍ഡ്‌സ് രാജാവ് വില്യം അലക്‌സാണ്ടര്‍, ഭാര്യ മാക്‌സിമ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. നെതർലാൻഡ്‌സുമായുള്ള ബന്ധം കേരള സര്‍ക്കാരിനു ഏറെ സുപ്രധാന വിഷയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള ബന്ധത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ താജ് ഹോട്ടലില്‍ നടന്ന സ്വീകരണത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി ഒരുക്കിയ വിരുന്നിലും ഇരുവരും പങ്കെടുത്തു.
കേരളവും ഡച്ചും തമ്മിലുള്ള ബന്ധത്തിനു ചരിത്ര തെളിവുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഡച്ചില്‍ നിന്നുള്ള വ്യാപാരികള്‍ കേരളത്തിലെത്തിയിരുന്നു. ഡച്ചുമായുള്ള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഡച്ചുമായുള്ള ബന്ധം ഇപ്പോഴത്തെ സര്‍ക്കാരിനും ഏറെ പ്രധാനപ്പെട്ടതാണ്. കേരളവും ഡച്ചും തമ്മിലുള്ള സഹകരണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍. മേയിൽ നെതർലാൻഡ്‌സ് സന്ദർശനത്തിനു പോയപ്പോൾ അവിടെ നിന്നു ലഭിച്ച സ്വീകരണത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

കൂടിക്കാഴ്‌ചയ്ക്ക് മുന്നോടിയായി ഡച്ച് ഭാഷയിൽ രാജാവിനും ഭാര്യയ്ക്കും സ്വാഗതം ആശംസിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്‌തിരുന്നു. ഡച്ച് ഭാഷയിലായിരുന്നു ട്വീറ്റ്. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
De Staat Kerala verwelkomt H.K.H. Koning Willem-Alexander en H.K.H. Koningin Maxima. Wij hopen dat de Koning en Koningin een onvergetelijke dag hebben in Kerala en bedanken Koning Willem Alexander en Koningin Maxima voor hun bezoek. @koninklijkhuis pic.twitter.com/vxFwDOZIzX
— CMO Kerala (@CMOKerala) October 17, 2019
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തിയ നെതർലാൻഡ്‌സ് രാജാവും ഭാര്യയും മട്ടാഞ്ചേരിയിലെ ഡച്ച് പാലസ് സന്ദർശിച്ചു. കൊട്ടാരത്തിലെ സ്വീകരണശാല, കിരീടധാരണശാല, മഹാരാജാക്കന്മാരുടെ ഉറക്കറ, പല്ലക്ക് തുടങ്ങിയവ രാജദമ്പതികള്‍ വീക്ഷിച്ചു. കൊട്ടാരത്തിന്റെ ഘടന, വാസ്തുവിദ്യ, കൊത്തുപണി എന്നിവയില്‍ രാജാവ് വിസ്മയം പ്രകടിപ്പിച്ചു. ഇന്ത്യയും നെതര്‍ലാന്‍ഡ്‌സും: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തില്‍ കൊട്ടാരത്തില്‍ നടന്ന സെമിനാറില്‍ ഇരുവരും പങ്കെടുത്തു. കേരളത്തില്‍ ഡച്ച് അധിനിവേശത്തിന്റെ സംഭാവനകള്‍ അടിസ്ഥാനമാക്കി സംസ്ഥാന പുരാവസ്തു വകുപ്പ് തയാറാക്കിയ ഡോക്യുമെന്ററി ഇരുവരും കണ്ടു.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഡച്ചുകാര്‍ തയാറാക്കിയ കേരള ഭൂപടത്തിന്റെ പ്രദര്‍ശനം കൊട്ടാരത്തില്‍ വില്യം രാജാവ് ഉദ്ഘാടനം ചെയ്തു. വ്യാപാര ബന്ധങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും കൈവശമുള്ള പുരാരേഖകള്‍ പരസ്പരം കൈമാറുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കൊട്ടാരത്തിൽ സംസ്ഥാന പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മേയര്‍ സൗമിനി ജയിന്‍ എന്നിവരുടെ നേതൃത്വത്തിലാണു രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചത്.
നാളെ രാവിലെ 10.15ന് ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ്ബോട്ട് യാത്ര ആസ്വദിക്കും. കൊച്ചിയില്‍ തിരിച്ചെത്തുന്ന രാജാവ് 12.45ന് താജ് മലബാറില്‍ മാധ്യമങ്ങളുമായി സംസാരിക്കും. വൈകിട്ട് 7.30ന് പ്രത്യേക വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങും.
ഉച്ചയ്ക്ക് ഒന്നിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഡച്ച് രാജാവ് വില്യം അലക്‌സാണ്ടറെയും രാജ്ഞി മാക്‌സിമയെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പത്‌നി രേഷ്‌മ ആരിഫ് മുഹമ്മദ് ഖാനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും ചേർന്ന് സ്വീകരിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, എറണാകുളം ജില്ലാ കലക്‌ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക്.കെ.എന്നിവര്‍ സന്നിഹിതരായിരുന്നു.
Read Also: ഇന്ത്യയുമായുള്ള സഹകരണം തുടരുമെന്നു ഡച്ച് രാജാവ്; കേരള സന്ദര്‍ശനത്തിന് തുടക്കം
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നെതര്‍ലാൻഡ്‌സ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് രാജാവിന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം കേരളത്തിലെത്തുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ കേരളത്തിന്റെ പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളും തുറമുഖ വികസനവും ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാന ആർക്കൈവ്സ് വകുപ്പും നെതർലൻഡ്‌സ് ദേശീയ ആർക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ ഇരുപത് മ്യൂസിയങ്ങളും വികസിപ്പിക്കുന്നത് സംബന്ധിച്ചും ധാരണയിലെത്തി.