ചിരിതൂകി പിണറായി; ജാതിമത സങ്കുചിത ശക്തികള്‍ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

ബിജെപിക്ക് കാര്യമായ നേട്ടങ്ങളൊന്നും കേരളത്തിൽ നിന്നുണ്ടാക്കാൻ സാധിച്ചില്ലെന്നും പിണറായി വിജയൻ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും വിജയം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ യാതൊരു വേര്‍തിരിവുകള്‍ക്കും സ്ഥാനമില്ലെന്ന് തെളിയിച്ച തിരഞ്ഞെടുപ്പ് ഫലമാണിത്. വര്‍ഗീയതയുടെ വിഷവിത്തുകള്‍ ഇവിടെ വളരില്ല. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി എന്താണെന്നതിന്റെ ദിശാസൂചികയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Read Also: Kerala ByPoll Results 2019: യുഡിഎഫ് കോട്ടകളിൽ ചെങ്കൊടി പാറി; അരൂരിൽ ഷാനിമോൾ

യുവജനങ്ങളെ പിണറായി വിജയൻ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിൽ യുവജനങ്ങളുടെ നിലപാട് ശ്രദ്ധേയമായി എന്ന് പിണറായി പറഞ്ഞു. എൽഡിഎഫിന്റെ ജനകീയ അടിത്തറ വർധിച്ചു. 2016 ൽ അധികാരത്തിലെത്തിയപ്പോൾ 91 സീറ്റുകളായിരുന്നു എൽഡിഎഫിനുണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം അത് 93 ആയി. ഇടതുപക്ഷത്തിനു ശക്തി വർധിച്ചിരിക്കുകയാണ്. യുവജനങ്ങൾ വലിയ ആവേശത്തോടെയാണ് വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തിനെ വിജയിപ്പിച്ചതെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു.

ബിജെപിക്ക് കാര്യമായ നേട്ടങ്ങളൊന്നും കേരളത്തിൽ നിന്നുണ്ടാക്കാൻ സാധിച്ചില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സൃഷ്ടിച്ച കൃത്രിമ പ്രതീതികളെ ജനം തിരിച്ചറിഞ്ഞു. അതിന്റെ ഫലമാണ് ഉപതിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസിനും തിരിച്ചടിയാണ് നേരിട്ടത്. വിജയിച്ച മണ്ഡലങ്ങളിലും കോൺഗ്രസിനു തിരിച്ചടിയേറ്റിട്ടുണ്ട്. വോട്ട് കണക്ക് പരിശോധിച്ചാൽ അക്കാര്യം മനസിലാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വട്ടിയൂർക്കാവിലെ എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്തുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രശാന്തിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വാർത്താസമ്മേളനത്തിലുടനീളം വളരെ സന്തോഷവാനായാണ് പിണറായിയെ കാണപ്പെട്ടത്. മാധ്യമപ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും ചിരിച്ചുകൊണ്ടാണ് പിണറായി മറുപടി നൽകിയത്. എൻഎസ്എസ് നിലപാടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിണറായി വിജയൻ പൊട്ടിച്ചിരിച്ചു.

Read Also: ‘വിജയം സര്‍ക്കാരിനുള്ള അംഗീകാരം’; ജാതിമത ശക്തികള്‍ക്കുള്ള മുന്നറിയിപ്പെന്ന് കോടിയേരി

അഞ്ച് മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. രണ്ടിടത്ത് എൽഡിഎഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. എറണാകുളം, മഞ്ചേശ്വരം, അരൂർ മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്. അരൂർ എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിന്റെ സിറ്റിങ് മണ്ഡലങ്ങളായിരുന്നു.

വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് വിജയിച്ചു. കോന്നിയിൽ 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാർ വിജയിച്ചത്. വട്ടിയൂർക്കാവിൽ 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് വിജയിച്ചത്.

മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബിജെപിയായിരുന്നു കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത്. ഇവിടെ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan about by election results kerala 2019 cpim congress

Next Story
‘വിജയം സര്‍ക്കാരിനുള്ള അംഗീകാരം’; ജാതിമത ശക്തികള്‍ക്കുള്ള മുന്നറിയിപ്പെന്ന് കോടിയേരിkodiyeri balakrishnan
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express