തിരുവനന്തപുരം: സുപ്രീം കോടതി വിധി പ്രകാരം ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. വൈകുന്നേരം മൂന്നുമണിക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു ചടങ്ങ്.

സര്‍ക്കാര്‍ തനിക്കൊപ്പമുണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ പറഞ്ഞു. അതേസമയം, കേസില്‍ തന്നെ പോലെ ഇരയാക്കപ്പെട്ട മറ്റുള്ളവരേയും സഹായിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കുറ്റാരോപിതരായിരുന്നവരില്‍ ചിലര്‍ മരിച്ചു പോയി. ജീവിച്ചിരിക്കുന്നവരില്‍ ചിലർ മരണത്തോട് അടുത്തിരിക്കുകയാണ്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ഏജന്‍സികളും നിഷ്പക്ഷതയും ആത്മാര്‍ത്ഥയും പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. നമ്പി നാരായാണന് നഷ്ടപരിഹാര തുക യഥാര്‍ത്ഥത്തില്‍ നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്പി നാരായണന്റെ നിശ്ചയ ദാര്‍ഢ്യത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ചാരക്കേസില്‍ നമ്പി നാരായണനെ പീഡിപ്പിച്ച മൂന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടണം എന്നും സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നുമായിരുന്നു സുപ്രീം കോടതി വിധി. നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ 14ന് ആണ് സുപ്രീം കോടതി ഉത്തരവിട്ടത്.

മാത്രമല്ല നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നമ്പി നാരായണന്റെ 22 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ നിര്‍ണ്ണായകമാണ് സുപ്രീം കോടതിയുടെ വിധി.

കേസ് അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി നിർദ്ദേശിക്കാന്‍ മുന്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിക്കും രൂപം നല്‍കി. ഈ സമിതിയിലേക്ക് സംസ്ഥാന പ്രതിനിധിയെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ