തിരുവനന്തപുരം: മന്ത്രി എം.എം.മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം.എം.മണിയുടേത് നാടൻ ശൈലിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എതിരാളികൾ അതിനെ പർവതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാദ പരാമർശത്തിൽ മണി തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. പൊമ്പിളൈ ഒരുമയുടേത് രാഷ്ട്രീയ സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഒരുപാട് തവണ മണി പ്രസ്താവന നടത്തിയിട്ടുണ്ട്. മഹിജയ്ക്കെതിരെ പരാമർശം നടത്തിയിട്ടുണ്ട്. സബ് കലക്ടർക്കെതിരെയും അതിരൂക്ഷ പരാമർശം നടത്തിയിട്ടുണ്ട്. ഇങ്ങനെയുളള ഒരാളെ എന്തിനാണ് മന്ത്രിയായി തുടരാൻ അനുവദിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിനു അനുമതി തേടിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ചോദിച്ചു. നാടൻ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു

അതേസമയം, മണിയുടെ വിശദീകരണം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ആദ്യം മുഖ്യമന്ത്രി വിശദീകരണം നൽകട്ടെ എന്നിട്ട് മണി മറുപടി പറഞ്ഞാൽ മതിയെന്ന് പ്രതിപക്ഷം വ്യക്തമാക്കി. വിമർശനമുന്നയിക്കും മുൻപ് എങ്ങനെ വിശദീകരിക്കുമെന്നും കീഴ്‌വഴക്കങ്ങൾ ലംഘിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. ഇ.പി.ജയരാജന്റയും എ.കെ.ശശീന്ദ്രന്റെയും കാര്യത്തിൽ കാണിച്ച ധാർമികത മണിയുടെ കാര്യത്തിൽ ഉണ്ടാകാത്തത് എന്താണ്?. ഇഎംഎസിന്റെ പാർട്ടി എം.എം.മണിയുടെ പാർട്ടിയായി തരംതാണുവെന്നും ചെന്നിത്തല ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ