കണ്ണൂര്‍: പിണറായിയിൽ നടന്ന കൊലപാതക പരമ്പര കേസിൽ പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്തതിന് പിന്നാലെ തുടരന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി ബന്ധുക്കളും നാട്ടുകാരും.  സിഐയുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സൗമ്യയ്ക്ക് കൊലപാതകം നടത്താൻ സഹായിച്ചവരെ കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

പിണറായി പടന്നക്കരയിലെ സൗമ്യയുടെ വീട്ടിലാണ് വാർത്താ സമ്മേളനം വിളിച്ചുചേർത്തത്.  കൊലപാതക കേസുകളുടെ അന്വേഷണത്തിലും, സൗമ്യയുടെ ജയിലിലെ ആത്മഹത്യയിലും ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചു.

കേസില്‍ സൗമ്യ മാത്രമാണ് പ്രതിയെന്ന് കാട്ടി പൊലീസ് സമർപ്പിച്ച കുറ്റപത്രം ഇന്നലെ കോടതി മടക്കിയിരുന്നു. കുറ്റപത്രത്തില്‍ ഒറ്റനോട്ടത്തിൽ തന്നെ കോടതി ന്യൂനതകൾ കണ്ടെത്തി. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.

കൊലപാതകത്തിൽ സൗമ്യ മാത്രമാണ് പ്രതിയെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ കൊലപാതകങ്ങളിൽ സൗമ്യയെ സഹായിച്ചവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നതായി ഇവർ സംശയിക്കുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ ബന്ധുക്കൾ തുടരന്വേഷണം തൃപ്തികരമായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook