തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് അയച്ച നടപടിയെ ന്യായീകരിച്ച് മന്ത്രി ഇ.പി.ജയരാജന്‍. ഏറ്റവും മഹനീയമായ ദൗത്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്നും മുഖ്യമന്ത്രിയെ എല്ലാവരും പ്രശംസിക്കുകയാണ് വേണ്ടതെന്നും ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: യൂസഫലി ഇടപെട്ടു; തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം

തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിലായതില്‍ എന്തോ അസ്വാഭാവികതയുണ്ടെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. “മുഖ്യമന്ത്രി തുഷാറിനായി കത്ത് അയച്ചതില്‍ തെറ്റില്ല. ദുബായിലുള്ള മറ്റ് പ്രതികളെ പോലെയല്ല തുഷാര്‍. തുഷാറിനെ അറസ്റ്റ് ചെയ്തതില്‍ എന്തൊക്കെയോ അസ്വഭാവികതയുണ്ട്. പ്രത്യക്ഷത്തില്‍ തന്നെ അസ്വഭാവികത തോന്നും. തുഷാര്‍ വിദേശത്തേക്ക് പോയപ്പോഴാണ് അറസ്റ്റ് നടക്കുന്നത്. അതില്‍ എന്തോ ചതി കാണുന്നുണ്ട്. കേരള മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാ മനുഷ്യര്‍ക്കും നീതി ഉറപ്പാക്കേണ്ട ചുമതല പിണറായി വിജയനുണ്ട്. ബിജെപിക്കാരന്റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാണ്” ഇ.പി.ജയരാജന്‍ പറഞ്ഞു.

Read Also: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ല, സഹായിച്ചവര്‍ക്ക് നന്ദി: തുഷാര്‍ വെള്ളാപ്പള്ളി

യുഎഇയിൽ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. ബുധനാഴ്ചയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. വ്യവസായി എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. ജയിൽ മോചിതനായ തുഷാർ പുറത്തിറങ്ങുകയും ചെയ്തു.

തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്. ഇത് മറച്ച് വച്ച് ഒത്തുതീർപ്പ് ചർച്ചകൾക്കായി ഇയാൾ തുഷാറിനെ അജ്മാനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അജ്മാനിലെ ഒരു ഹോട്ടലിൽ ഇത് സംബന്ധിച്ച് സംസാരിക്കാനെത്തിയ തുഷാറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ കള്ളക്കേസിലാണ് അറസ്റ്റ്. കേസിനെ നിയമപരമായി നേരിടും. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.