തലശേരി: പിണറായി പടന്നക്കരയില്‍ ഒരു വീട്ടില്‍ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ദുരൂഹമരണങ്ങള്‍ക്ക് പിന്നില്‍ അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തുവാണെന്ന് കണ്ടെത്തല്‍. ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച വടവതി കമല (68), ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍ (76) എന്നിവരുടെ ആന്തരികാവയവങ്ങളാണ് പരിശോധന നടത്തിയത്. ഇവരുടെ മകള്‍ സൗമ്യ ഛര്‍ദ്ദിയെ തുടര്‍ന്ന് ചികിത്സയിലാണ്. കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് അലൂമിനിയം ഫോസ്ഫൈഡ്.

സൗമ്യയുടെ മകളായ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 21നാണ് ഐശ്വര്യ മരിച്ചത്.

മൂന്ന് പേര്‍ മൂന്ന് മാസത്തിനുള്ളിലും ഒരാള്‍ ആറ് വര്‍ഷം മുമ്പുമാണ് മരിച്ചത്. 2012ല്‍ സൗമ്യയുടെ മറ്റൊരു മകള്‍ കീര്‍ത്തന (ഒരു വയസ്) ഛര്‍ദിയെ തുടര്‍ന്നു മരിച്ചിരുന്നു. കഴിഞ്ഞ ജനുവരി 21ന് ഐശ്വര്യയും മരിച്ചു. ഐശ്വര്യ മരിച്ച് ഒന്നര മാസം കഴിയുമ്പോള്‍ സൗമ്യയുടെ അമ്മ വടവതി കമലയും (68) മരിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13നും ഇതേ രോഗലക്ഷണവുമായി മരിച്ചത് ബന്ധുക്കളിലും നാട്ടുകാരിലും സംശയമുണര്‍ത്തി. ഇതേ രോഗലക്ഷണങ്ങളുമായി സൗമ്യയും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിനിടയിലാണ് ബന്ധുക്കള്‍ ഐശ്വര്യയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു പൊലീസിനു പരാതി നല്‍കിയത്. സൗമ്യ സഹകരണ ആശുപത്രിയില്‍ ന്യൂറോ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ പൊലീസ് കാവലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.