തലശ്ശേരി: പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ചനിലയിൽ. കണ്ണൂർ വനിതാ ജയിലിലാണ് സൗമ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു സൗമ്യ. മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊന്നുവെന്നാണ് സൗമ്യയ്ക്കെതിരായ കേസ്. കാമുകനൊപ്പം ജീവിക്കാനാണ് സൗമ്യ കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസ് കേസ്.

പിണറായി പടന്നക്കര വണ്ണത്താംവീട്ടിൽ കമല (65), കുഞ്ഞിക്കണ്ണൻ (80), ഐശ്വര്യ (ഒൻപത്) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന്  പൊലീസ് കേസ്. മകൾക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കൾക്കു രസത്തിലും എലിവിഷം നൽകിയാണ് കൊലപ്പെടുത്തിയത്. മകളുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് വിഷം ഉളളിൽചെന്നാണ് മരണമെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ സൗമ്യം കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. തുടർന്ന്  ഏപ്രിൽ 24ന് സൗമ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സൗമ്യയുടെ വഴിവിട്ട ജീവിതത്തിന് തടസ്സമായി നിന്നതാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്. മകളെയും മാതാപിതാക്കളെയും ഒഴിവാക്കി വഴിവിട്ട ജീവിതം തുടരാനായിരുന്നു സൗമ്യയുടെ നീക്കം. എന്നാൽ മാതാപിതാക്കൾ എതിർത്തതോടെ അവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

സൗമ്യയുടെ ജീവിത രീതിയാണ് ബന്ധം ഒഴിയാൻ കാരണമെന്ന് മുൻ ഭർത്താവും പൊലീസിന് മൊഴി നൽകിയിരുന്നു. പതിനെട്ട് വയസ്സുള്ളപ്പോഴാണ് സൗമ്യയെ പ്രണയിച്ച് വിവാഹം കഴിച്ചതെന്നും വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോള്‍ സൗമ്യ വിഷം കുടിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. സൗമ്യയുടെ മൃതദേഹം കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കാത്ത് കിടക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ