കണ്ണൂർ: 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പിണറായി പടന്നക്കരയിലെ കൊലപാതക പരമ്പരയെ കുറിച്ച് പ്രതി സൗമ്യ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. ചോദ്യം ചെയ്യലിൽ പലപ്പോഴും പൊലീസിനെ കുറ്റം തെളിയിക്കാൻ സൗമ്യ വെല്ലുവിളിക്കുകയായിരുന്നു. വെറും പത്താം ക്ലാസുകാരിയായ സൗമ്യയുടെ ഈ പെരുമാറ്റമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സംശയത്തിന് ഇടയാക്കിയത്.

2012ൽ സൗമ്യയുടെ ഇളയമകൾ ഒന്നര വയസുകാരി കീർത്തന മരിച്ചതിന് ശേഷം ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചിരുന്നു. പിന്നീട് പല ജോലികളും ചെയ്യുന്നതിനിടെ പല യുവാക്കളുമായി സൗമ്യ ബന്ധം പുലര്‍ത്തിയതായി പൊലീസ് കണ്ടെത്തി. ഒരു യുവാവുമൊത്ത് തന്നെ കണ്ടതിനാലാണ് മൂത്ത മകളായ ഐശ്വര്യയെ കൊല്ലാന്‍ സൗമ്യയെ പ്രേരിപ്പിച്ചത്. 2018 ജനുവരി 31നാണ് സൗമ്യയുടെ മൂത്തമകൾ എട്ടുവയസുകാരി ഐശ്വര്യ ഛർദ്ദിയും വയറിൽ അസ്വസ്ഥതയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കുട്ടിക്ക് വറുത്ത മീനിലാണ് ഈ സ്ത്രീ എലിവിഷം വച്ചു നല്‍കിയതെന്ന് സമ്മതിച്ചിട്ടുണ്ട്.

മകളെ കൊന്നതിന് പിന്നാലെ യുവാക്കളുമായി സൗമ്യ വീണ്ടും ബന്ധം തുടര്‍ന്നു. എന്നാല്‍ യുവതിയുടെ അവിഹിതബന്ധങ്ങള്‍ മാതാപിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് വീണ്ടും കൊലപാതകത്തിനുളള പദ്ധതി സൗമ്യ തയ്യാറാക്കിയത്. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് സൗമ്യയുടെ മാതാവ് കമല (68) ഐശ്വര്യയ്ക്കുണ്ടായ പോലുള്ള അസ്വസ്ഥതകളുമായി ആശുപത്രിയിൽ മരിക്കുകയും ചെയ്തു. പിതാവിന് രസത്തിലും മാതാവിന് മീന്‍കറിയിലുമാണ് വിഷം നല്‍കിയത്. മാതാപിതാക്കളും മരിച്ചതോടെ നാട്ടുകാർക്ക് സംശയം തോന്നി. എന്നാൽ ഛർദ്ദിയും അസ്വസ്ഥതകളും വെള്ളത്തിലെ അപാകതയാണെന്ന് പറഞ്ഞുപരത്തുകയായിരുന്നു സൗമ്യ.

തങ്ങളുടെ വീട്ടിലെ വെള്ളത്തിൽ അമോണിയയുടെ അംശമുണ്ടെന്ന് സൗമ്യ പറഞ്ഞത് അയൽക്കാരെ ആകെ ആശങ്കയിലാക്കി. എന്നാല്‍ ആരോഗ്യവകുപ്പ് അധികൃതർ കിണർ വെള്ളം പരിശോധിക്കുകയും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. പിന്നീട് കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ അതിനിടയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കയച്ചു.


(വീഡിയോ കടപ്പാട്: മാതൃഭൂമി)

കഴിഞ്ഞ 17ന് സമാനരീതിയിൽ സൗമ്യയും ആശുപത്രിയിലായതോടെ നാട്ടുകാർ തീർത്തും ആശങ്കയിലായി. അവർ സൗമ്യയെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും പൊലീസിനെ വിവരം ധരിപ്പിക്കുകയും ചെയ്തു.ആന്തരികാവയവങ്ങളുടെ പരിശോധനയിൽ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തിൽ അലൂമിനിയം ഫോസ്ഫൈഡ് അപായകരമായ രീതിയിൽ കണ്ടെത്തിയതോടെ സംശയം മറ്റുവഴിയിലേക്ക് നീങ്ങുകയായിരുന്നു. അങ്ങിനെയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.