തിരുവനന്തപുരം: കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ രാഷട്രീയ കക്ഷികളെല്ലാം ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ കേരളത്തിന് പൊതുവില്‍ ഗുണകരമാകത്തക്കവിധം ഭേദഗതി ചെയ്യേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തിന് വലിയ ആശങ്കയുളവാക്കുന്ന സാഹചര്യമാണുളളത്. നിര്‍ദേശങ്ങള്‍ അതേപോലെ പ്രാവര്‍ത്തികമായാല്‍ സംസ്ഥാനത്തിനു വലിയ നഷ്ടം നേരിടേണ്ടിവരും.

സംസ്ഥാനങ്ങള്‍ക്കുളള നികുതിവരുമാനം 42 ശതമാനത്തില്‍നിന്നും 50 ശതമാനമായി വര്‍ധിപ്പിക്കണമെന്ന ആവശ്യം ധനകാര്യ കമ്മീഷന് മുന്നില്‍ ഉന്നയിക്കണം. കേരളത്തിന്റെ നികുതി വിഹിതം നിലവില്‍ 2.5 ശതമാനമാണ്. ഇത് പത്താം കമ്മീഷന്റെ കാലയളവില്‍ മൂന്നര ശതമാനമായിരുന്നു. അതിനുശേഷം ക്രമാനുഗതമായി കുറഞ്ഞുവന്നു. പതിമൂന്നാം കമ്മീഷന്റെ കാലയളവില്‍ ഇത് 2.34 ശതമാനമായി താഴ്ന്നു. കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ എന്തായാലും കഴിഞ്ഞ കമ്മീഷന്‍ അനുവദിച്ച വിഹിതത്തേക്കാള്‍ കുറയരുതെന്നു കമ്മീഷനോട് നിവേദനത്തിലൂടെ അഭ്യര്‍ത്ഥിക്കണമെന്നും മുഖ്യമന്ത്രി രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ത്ഥിച്ചു.

ധനകാര്യകമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ വിഹിതം 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമെന്നാണ് പറയുന്നത്. അങ്ങനെ വന്നാല്‍ 1971 മുതല്‍ 2011 വരെ ജനസംഖ്യാ നിയന്ത്രണ വിധേയമാക്കിയതിന്റെ സാമ്പത്തികനേട്ടം സംസ്ഥാനത്തിന്റെ വിഹിതം കുറയാതിരിക്കാനുള്ള ഒരു നിബന്ധനയായി ധനകാര്യ കമ്മീഷനുമുന്നില്‍ വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹിക സുരക്ഷയ്ക്ക് നല്ല വിഹിതമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതുമൂലം സംസ്ഥാനത്തിന്റെ ബജറ്റ് കമ്മി കൂടുതല്‍ തന്നെയാണ്. പക്ഷേ, അതുവച്ചുമാത്രം കാര്യങ്ങള്‍ വിലയിരുത്തിയാല്‍ പോരാ. പതിനാലാം കമ്മീഷന്‍ ഇതെല്ലാം വിശദമായി പരിശോധിച്ചിരുന്നു. അതിനുശേഷമാണ് റവന്യൂ കമ്മി ഗ്രാന്റ് അനുവദിച്ചു തന്നത്. പക്ഷേ ഈ ഗ്രാന്റ് നല്‍കേണ്ടതുണ്ടോ എന്ന് ധനകാര്യ കമ്മീഷന്‍ ആലോചിക്കുന്നത് സംസ്ഥാനത്തിന്റെ താല്‍പര്യത്തിനു വിരുദ്ധമാണ്. ഇക്കാര്യവും നാം ഉന്നയിക്കണം.

ഇത്തരം പരിഗണനാ വിഷയം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 250(2)ഡി പ്രകാരം നിലനില്‍ക്കാത്തതുമാണ്. അതുകൊണ്ട് സംസ്ഥാനത്തിന് അര്‍ഹതയുള്ള ഗ്രാന്റ് തുടരണം. ധനകമ്മി സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പരമാവധി മൂന്നു ശതമാനമായിരിക്കണമെന്നാണ്. ധനകമ്മി മൂന്നുശതമാനത്തില്‍ നിന്നു കുറവു വരുത്താനുള്ള ഏതു നീക്കവും സംസ്ഥാനത്തിന്റെ കടമെടുപ്പിനെയും മൂലധന ചെലവിനെയും ദോഷകരമായി ബാധിക്കും. ഗ്രാന്റുകള്‍ നല്‍കുന്നതിനു നിബന്ധനകളായി ധനകമ്മിയുടെയും റവന്യൂ കമ്മിയുടെയും പരിധി ധന ഉത്തരവാദിത്ത നിയമത്തിന്റെ ഭാഗമാക്കാനുള്ള ശ്രമവുമുണ്ട്. സംസ്ഥാനത്തിന് ആവശ്യത്തിനുളള ഫണ്ട് ലഭിക്കാതെ വരുന്ന സാഹചര്യമാണ് ഇതെല്ലാമുണ്ടാക്കുക. കടമെടുപ്പിന് നേരത്തെ ഉളള വ്യവസ്ഥയ്ക്കു പുറമേ മറ്റൊരു വ്യവസ്ഥയും വയ്ക്കരുതെന്നും കമ്മീഷനോട് അഭ്യര്‍ത്ഥിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011 സെന്‍സസ് നില വച്ചുളള 15-ാം കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍ സംസ്ഥാനത്തിന്റെ നികുതിവിഹിതം 2.5 ശതമാനത്തില്‍നിന്ന് 1.8 ശതമാനമായി കുറയുമെന്നും അടുത്ത ധനകാര്യ കമ്മീഷന്‍ അനുവദിക്കേണ്ട തുകയില്‍നിന്നും 45,000 കോടി രൂപ കുറയുമെന്നും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. ഇതിനു പുറമേയാണ് വായ്പാ പരിധി മൂന്നില്‍നിന്നും 1.7 ആയി കുറയ്ക്കണമെന്ന് റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശമുളളത്. 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംസ്ഥാനത്തിന്റെ വികസന താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യോഗത്തില്‍ പങ്കെടുത്ത കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനകാര്യം, വികസനം, പൊതുസര്‍വീസുകള്‍ എന്നിവയുടെ താല്‍പര്യങ്ങള്‍ക്ക് എതിരുമായതിനാല്‍ അവയെ ശക്തിയുക്തം എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പരിഗണന വിഷയങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് അംഗീകരിക്കൂ. റവന്യൂകമ്മി, ധനകമ്മി, കടം എടുക്കാനുള്ള പരിധി എന്നിവയില്‍ നിലവിലെ പരിധിയില്‍ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ല. നിലവിലുള്ള പരിധിയില്‍ വര്‍ധനവ് വരുത്തുകയാണു വേണ്ടതെന്നു തമ്പാനൂര്‍ രവി അഭിപ്രായപ്പെട്ടു.

ഒന്‍പതു കാര്യങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സന്റീവ് നല്‍കി നികുതിയും ഗ്രാന്റും വിതരണം നടത്തണമെന്ന നിര്‍ദ്ദേശം ഫെഡറല്‍ തത്വങ്ങള്‍ക്കു യോജിക്കുന്നതല്ല. കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുകളും സംസ്ഥാനത്തിന്റെ അവകാശമായതിനാല്‍ അതിന്മേല്‍ നിബന്ധനകള്‍ വയ്ക്കാന്‍ പാടില്ലെന്ന് തമ്പാനൂര്‍ രവി പറഞ്ഞു.

ഈ ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പൊതുവെയും പ്രത്യേകിച്ച് കേരളത്തിനും ഹാനികരമാണ്. വിദ്യാഭ്യാസം, ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ കേരളം ബഹുകാതം മുന്നിലാണ്. കഠിനാധ്വാനത്തിലൂടെ കൈവരിച്ച ഈ നേട്ടങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതിനു പകരം അതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ അവകാശം നിഷേധിക്കുന്ന സാഹചര്യമുണ്ടായാല്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്നു തമ്പാനൂര്‍ രവി പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുകയും പ്രാദേശികമായ രൂപമാറ്റത്തിനുളള സ്വാതന്ത്ര്യം നല്‍കുകയും വേണം. ബിഹാറിലെ സാഹചര്യമായിരിക്കില്ല കേരളത്തിലുളളത്.

കേന്ദ്രം പഞ്ചവത്സര പദ്ധതികളും വാര്‍ഷിക പദ്ധതികളും നിര്‍ത്തലാക്കിയെങ്കിലും കേരളത്തില്‍ അവ തുടരുകയാണ്. നഷ്ടപ്പെട്ട പ്ലാന്‍ ഫണ്ട് തിരികെ കിട്ടാന്‍ കൂട്ടായ യത്‌നം ആവശ്യമാണ്. സംസ്ഥാനത്തിന്റെ നികുതി വിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ