scorecardresearch

കോടിയേരിക്കരികില്‍ നിശബ്ദനായി പിണറായി; പതിറ്റാണ്ടുകള്‍ നീണ്ട സഹോദരബന്ധത്തിന് തിരശീല

കോടിയേരി ബാലകൃഷ്ണന്‍ ഓണിയന്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് പിണറായി വിജയനുമായുള്ള ബന്ധം

കോടിയേരി ബാലകൃഷ്ണന്‍ ഓണിയന്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് പിണറായി വിജയനുമായുള്ള ബന്ധം

author-image
WebDesk
New Update
Kodiyeri Balakrishnan, Death, Pinarayi Vijayan

കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും, സിപിഎമ്മിനെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ച നേതാക്കള്‍. പിണറായി മുഖ്യമന്ത്രി പദത്തിലും കോടിയേരി സെക്രട്ടറി സ്ഥാനത്തുമിരുന്ന കാലത്ത് പാര്‍ട്ടി അസാമാന്യ വളര്‍ച്ചയായിരുന്നു കൈവരിച്ചിരുന്നത്. തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കോടിയേരി വിടപറയുമ്പോള്‍ വിങ്ങുന്ന മനസോടെ പിണറായി ആ ചാരത്ത് ഇന്നലെ രാവിലെ മുതലുണ്ടായിരുന്നു.

Advertisment

കോടിയേരിയുടെ മൃതദേഹം തലശേരി ടൗണ്‍ഹാളിലെത്തുന്നത് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ പിണറായി പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തി. വിലാപയാത്രയില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അവസാന സ്നേഹം ഏറ്റുവാങ്ങിയായിരുന്നു കോടിയേരി തലശേരിയിലെക്കെത്തിയത്. മൃതദേഹം ടൗണ്‍ ഹാളിലെത്തിയപ്പോള്‍ പിണറായി വിജയനും മറ്റ് നേതാക്കളും ചേര്‍ന്ന് ചെങ്കൊടി പുതപ്പിച്ചു.

മുദ്രാവാക്യത്താല്‍ മുഖരിതമായ ടൗണ്‍ ഹാളില്‍ സഖാക്കളാല്‍ ചുറ്റപ്പെട്ട് നില്‍ക്കുമ്പോഴും പിണറായി വിജയന്‍ ഒറ്റക്കായപോലെയായിരുന്നു. കോടിയേരിയുടെ മൃതദേഹത്തിന് മുകളില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം വിനോദിനിയേയും മകനേയും ആശ്വസിപ്പിച്ചു പിണറായി. ഒരു മുതിര്‍ന്ന സഹോദരന്റെ കരുതല്‍ തന്നെയായിരുന്നു അവിടെ പ്രകടമായത്.

Advertisment

പിന്നീട് തലേശേരി ടൗണ്‍ ഹാള്‍ സാക്ഷ്യം വഹിച്ചത് കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാനെത്തുന്ന സാധാരണക്കാരുടെ പ്രവാഹമായിരുന്നു. ഏഴ് മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍ മറ്റ് നേതാക്കളെല്ലാം മാറിയപ്പോഴും കോടിയേരിക്കരികില്‍ തന്നെ പിണറായി തുടര്‍ന്നു. ഒപ്പം പോളിറ്റ് ബ്യൂറൊ അംഗങ്ങളായ എം എ ബേബിയും എസ് രാമചന്ദ്രന്‍ പിള്ളിയുമുണ്ടായിരുന്നു.

"സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ല. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങള്‍," ഇതായിരുന്നു അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. അത് അദ്ദേഹത്തിന്റെ ശരീരഭാഷയിലും വ്യക്തമായിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍ ഓണിയന്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് പിണറായി വിജയനുമായുള്ള ബന്ധം. അന്ന് സ്റ്റുഡന്റ് ഫെഡറേഷന്റെ (ഇന്നത്തെ എസ്എഫ്ഐ) സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി. കോടിയേരി ഓണിയന്‍ സ്കൂളിലെ യൂണിറ്റ് സെക്രട്ടറിയും. സംഘടനയിലൂടെ വളര്‍ന്ന ബന്ധം പിന്നീട് ഒരു കൊടുങ്കാറ്റിലും ഉലഞ്ഞില്ല.

അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ അന്നത്തെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി കോടിയേരിയുമുണ്ടായിരുന്നു. പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരെയായി ഗുരുതര പരിക്കുകളോടെ എത്തിയ പിണറായി വിജയനൊപ്പം കണ്ണൂർ സെൻട്രൽ ജയിലിൽ എട്ടാം ബ്ലോക്കിൽ കോടിയേരിയും. അവശനിലയിലായിരുന്ന പിണറായിയെ സഹായിച്ചത് കോടിയേരിയുടെ കരങ്ങളായിരുന്നു.

സഖാക്കൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അർത്ഥവും വെളിപ്പെടുത്തിയ അനുഭവമായിരുന്നു അതെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ആ സഹോദരബന്ധത്തിന് തിരശീല വീണിരിക്കുകയാണ്. തുടര്‍ഭരണത്തില്‍ പിണറായിക്ക് കരുത്ത് പകര്‍ന്ന പാര്‍ട്ടിക്ക് ശക്തമായ അടിത്തറ നല്‍കിയ പ്രിയ സഖാവ് ഇനിയില്ല.

അര്‍ബുദ ബാധയെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് കോടിയേരി അന്തരിച്ചത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് പയ്യാമ്പലത്ത് വച്ചാണ് സംസ്കാരം.

Kodiyeri Balakrishnan Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: