കൊച്ചി: കേരളത്തിനെതിരായ സൈബർ പ്രചാരണങ്ങളെ ശക്തമായി പ്രചരിക്കുന്നതിന് സോഷ്യൽ മീഡിയയിൽ ശക്തമായ ബൗദ്ധിക കൂട്ടായ്മയ്ക്ക് രൂപം കൊടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം. ഫെയ്സ്ബുക്, ട്വിറ്റർ, വാട്സാപ്പ്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ വാർത്തകളും വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളും പ്രതിരോധിക്കാനാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

ഫെയ്സ്ബുക്കിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പിണറായി വിജയൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “ആശയവിനിമയരംഗത്ത്‌ ചടുലമായ പരിവർത്തനങ്ങളും അത്ഭുതകരമായ നേട്ടങ്ങളും കൈവരിക്കാന്‍ സോഷ്യല്‍ മീഡിയ ഉപകരിച്ചിട്ടുണ്ടെങ്കിലും അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തി സ്വാർത്ഥ -സങ്കുചിത താൽപര്യങ്ങള്‍ സംരക്ഷിക്കാഌളള ഉപകരണമായി ഈ സാധ്യതയെ ദുരുപയോഗം ചെയ്യുന്നത്‌ അപകടകരായ പ്രവണതയാണ്” എന്ന് മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു.

teamsmview@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കാണ് ഇതുമായി ബന്ധപ്പെട്ട് നിങ്ങളുടെ ആശയങ്ങൾ അയക്കേണ്ടത്. നാടിനെതിരായ സൈബർ ആക്രമണത്തെ പ്രതിരോധിക്കാനുള്ള കൂട്ടായ്മ രൂപീകരിക്കുന്നതിന് മുന്നോടിയായി പ്രവർത്തനം സംബന്ധിച്ച രൂപരേഖ തയ്യാറാക്കുകയാണ് ഇപ്പോൾ. ആർക്കും ഈ ഇമെയിൽ ഐഡിയിലേക്ക് ആശയങ്ങൾ അയക്കാം.

“കേരളം ആക്രമിക്കപ്പെടുന്നു എന്ന പ്രതീതി ഉയർന്നപ്പോൾ ലോകത്തെമ്പാടുമുള്ള മലയാളികൾ സ്വയം സന്നദ്ധരായി രംഗത്തു വന്നു, ഞങ്ങളുടെ കേരളം നന്മയുടെ നാടാണ്, പുരോഗതിയുടെയും നേരിന്റെയും വിളനിലമാണ്, ഈ നാട് ഒന്നാമതാണ് എന്നാണു ഒരേശബ്ദത്തിൽ മലയാളികൾ ലോകത്തോട് വിളിച്ചു പറഞ്ഞത്. പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് രൂപപ്പെട്ടത്”, പിണറായി ചൂണ്ടിക്കാട്ടി.

“ഈ കൂട്ടായ ഇടപെടലിന്റെ ഫലമായി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള കേരളത്തിനെതിരായ ആസൂത്രിത പ്രചാരണവും ദൽഹി ആസ്ഥാനമായുള്ള ഒരു വിഭാഗം സ്‌പോൺസേർഡ് മുഖ്യധാരാമാധ്യമങ്ങൾ സൃഷ്ടിച്ച നുണക്കഥകളും ഒന്നൊന്നായി പൊളിച്ചടുക്കപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉയർന്ന സ്വാഭാവികമായ പ്രതികരണങ്ങളിലൂടെയാണ് ഇത് സാധിച്ചത് എന്നത് പ്രത്യാശാ നിര്ഭരമാണ്. കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ചു കാട്ടാനും രാജ്യത്തെ ഏറ്റവും മികച്ച ജനാധിപത്യ സമൂഹത്തെ തകർക്കാനുമുള്ള ആസൂത്രിത രാഷ്ട്രീയ പദ്ധതിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകത്തെങ്ങും ഉള്ള മലയാളികള്‍ നേരിട്ട വിധം ആവേശം കൊള്ളിക്കുന്നതാണ്”, മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

പിണറായി വിജയന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ