പിണറായി: കണ്ണൂർ പിണറായിയിലെ ദുരൂഹ മരണങ്ങൾ കൊലപാതകമെന്ന് സൂചന. മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സൗമ്യയുടെ രണ്ടു മക്കളും മാതാപിതാക്കളും വിഷം ഉളളിൽ ചെന്നാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.

ഒന്നരവയസുകാരി കീർത്തന, ഒൻപതു വയസുകാരി ഐശ്വര്യ, ഇവരുടെ മുത്തച്ഛൻ കുഞ്ഞിക്കണ്ണൻ, മുത്തശ്ശി കമല എന്നിവരാണ് മരിച്ചത്. അലൂമിനിയം ഫോസ്ഫൈഡ് എന്ന മാരക രാസവസ്തു ഉളളിൽ ചെന്നാണ് നാലുപേരും മരിച്ചതെന്ന് ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കീടനാശിനികളിലും എലിവിഷത്തിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് അലൂമിനിയം ഫോസ്ഫൈഡ്.

2012ല്‍ സൗമ്യയുടെ മകള്‍ കീര്‍ത്തന ഛര്‍ദിയെ തുടര്‍ന്നു മരിച്ചു. 2018 ജനുവരി 21 നാണ് ഐശ്വര്യ മരിച്ചത്. ഐശ്വര്യ മരിച്ച് ഒന്നര മാസം കഴിയുമ്പോള്‍ സൗമ്യയുടെ അമ്മ വടവതി കമലയും (68) മരിച്ചു. അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13നും ഇതേ രോഗലക്ഷണവുമായി മരിച്ചത് ബന്ധുക്കളിലും നാട്ടുകാരിലും സംശയമുണര്‍ത്തി. തുടർന്നാണ് ബന്ധുക്കൾ ഐശ്വര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പൊലീസിനു പരാതി നൽകിയത്.

കുട്ടികളുടെ അമ്മ സൗമ്യ ഛർദിയെത്തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആശുപത്രിയിൽ എത്തിയാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗമ്യയുമായി ബന്ധമുള്ള യുവാക്കളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ