നെടുമ്പാശ്ശേരി: തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇതിന് തെളിവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ സെക്രട്ടറിമാരുടേയും ഫോണ്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ആചാരം ലംഘിക്കാനായാണ് പിണറായി കരുതിക്കൂട്ടി തൃപ്തിയെ വിളിച്ചു വരുത്തിയത്. അതിന് ഞങ്ങള്‍ സമ്മതിക്കില്ല. തൃപ്തിയെ ശബരിമലയില്‍ കയറ്റില്ല,’ രാധാകൃഷ്ണന്‍ പറഞ്ഞു.

‘കേരളത്തിൽ വർഗീയ കലാപമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഫോൺ രേഖകൾ പരിശോധിക്കണം. സംസ്ഥാനത്ത് കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചതിന് തൃപ്‌തി ദേശായിയെ അറസ്‌റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യപ്പഭക്തന്മാരുടെ പ്രതിഷേധത്തിന് ബി.ജെ.പി കൈയ്യും മെയ്യും മറന്നുള്ള സഹായം നൽകും,’ രാധാകൃഷ്ണന്‍ പറഞ്ഞു.

ശബരിമല സന്ദര്‍ശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയയടക്കമുള്ള ആറംഗ യുവതീസംഘവും ഇന്ന് പുലര്‍ച്ചെയാണ് കേരളത്തിലെത്തിയത്. സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൃപ്തിക്കും സംഘത്തിനും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.
വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം പ്രതിഷേധവുമായെത്തിയിട്ടുള്ളത്.

തൃപ്തി ദേശായി ഉടൻ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എന്‍ ഗോപിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുമ്പില്‍ തമ്പടിച്ചിരിക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. പ്രതിഷേധം ഭയന്ന് തൃപ്തിയെയും സംഘത്തേയും ഹോട്ടലിലേക്ക് മാറ്റാന്‍ ടാക്സി ഡ്രൈവര്‍മാരാരും തയ്യാറായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.