തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇത്തരക്കാരുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.

” ഹർത്താലിന്‍റെ മറവിൽ പ്രത്യേക ലക്ഷ്യത്തോടെ അക്രമികളെ രംഗത്തിറക്കിയാണ് ഈ സംഘടനകൾ തെരുവുകൾ യുദ്ധക്കളങ്ങളാക്കിയത്. വ്യാഴാഴ്ചത്തെ ഹർത്താലിനെ സംസ്ഥാനത്തെ ജനങ്ങൾ പാടെ തള്ളി. ജനങ്ങൾ സംഘടിച്ചാൽ തീരാവുന്ന വീരശൂര പരാക്രമമൊക്കെയെ ബിജെപിക്കും ആർഎസ്എസിനുമുള്ളു. ചിലരുടെ ഓട്ടം കണ്ടപ്പോൾ ഇത് ജനങ്ങൾക്ക് മനസിലായി,” അദ്ദേഹം പരിഹസിച്ചു.

“രണ്ട് സ്ത്രീകൾ മലകയറിയാൽ മാത്രമേ ഹർത്താലുള്ളോ? ഒരു സ്ത്രീ കയറിയാൽ ഹർത്താലൊന്നുമില്ലേ? ശബരിമലയിൽ സ്ത്രീകൾ കാലുകുത്തിയാൽ ജീവനൊടുക്കുമെന്ന് പറഞ്ഞ ചില നേതാക്കളുണ്ടല്ലോ. അവരിപ്പോൾ എവിടെയാണ്? ശബരിമലയിലേക്ക് സ്ത്രീകളെ ആരും നൂലിൽ കെട്ടി ഇറക്കിയതല്ല. അവർ സ്വന്തം ഇഷ്ടപ്രകാരം വന്നതാണ്. സംരക്ഷണം നൽകുക മാത്രമാണ് പോലീസ് ചെയ്തത്. ഇനിയും ആര് ശബരിമല ദർശനത്തിനെത്തിയാലും സംരക്ഷണം നൽകും,” മുഖ്യമന്ത്രി പറഞ്ഞു.

“നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിക്കും ആർഎസ്എസിനും ഒത്താശ ചെയ്യുന്ന നിലപാടാണ് കോൺഗ്രസിന്.  ഹർത്താൽ അനുകൂലികൾ പാർട്ടി ഓഫീസുകളും സർക്കാർ ഓഫീസുകളും തല്ലിത്തകർക്കുയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തത്, കേരളത്തിൽ എന്തോ വലിയ പ്രശ്നമുണ്ട് എന്ന പ്രതീതി സൃഷ്ടിക്കാനല്ലേ?” എന്നും മുഖ്യമന്ത്രി ചോദിച്ചു.

കെഎസ്ആർടിസിക്കെതിരായ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. വ്യാഴാഴ്ച മാത്രം കോടികളുടെ നഷ്ടം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിൽ വൻ വിജയമായിരുന്നു. ദുഷിച്ച് നാറിയ വ്യവസ്ഥിതികൾ പുനസ്ഥാപിക്കാനാണ് ചിലർ ശ്രമിച്ചത്. അത്തരം തെറ്റായ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.