തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനും അദാനി ഗ്രൂപ്പിനുമെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പിണാറിയുടെ പ്രതികരണം. മോദിയും അദാനിയും തമ്മില്‍ പരിചയം കാണും എന്നാല്‍ വിമാത്തവള നടത്തിപ്പില്‍ അദാനി ഗ്രൂപ്പിന് പരിചയമില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.

സ്വകാര്യവല്‍ക്കരണ നീക്കം നടക്കുന്ന രാജ്യത്തെ ആറില്‍ അഞ്ച് വിമാനത്താവളത്തിലും അദാനി ഗ്രൂപ്പാണ് ഇടപെട്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു. മോദിയും അദാനിയും തമ്മിലുള്ള അടുത്ത ബന്ധം കാരണമാണ് അദാനിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല നല്‍കുന്നതെന്ന് പിണറായി ആരോപിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ അദാനി വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടകം കളിച്ചാണ് കേന്ദ്രസര്‍ക്കാര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനിയെ ഏല്‍പിച്ചതെന്ന് പിണറായി ആരോപിച്ചു. സംസ്ഥാന സര്‍ക്കാരാണ് വിമാനത്താവളത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിമാനത്താവളം വികസനം നടക്കണമെങ്കില്‍ അദാനിയെന്ന കുത്തക വിചാരിച്ചാല്‍ മാത്രം നടക്കില്ല. സംസ്ഥാന സര്‍ക്കാരാണു സ്ഥലമെടുത്തു കൊടുക്കേണ്ടത്. സംസ്ഥാനത്തെ ശത്രുപക്ഷത്തു നിര്‍ത്തി, ഞങ്ങള്‍ വിജയശ്രീലാളിതരായിരിക്കുന്നു എന്ന മട്ടില്‍ അദാനി വന്നാല്‍ അതിനൊക്കെ വഴങ്ങുന്ന സര്‍ക്കാരാണു കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ല. വിമാനം പറക്കുന്നത് ആകാശത്തിലൂടെയാണ്. എന്നാല്‍ അതിന് സൗകര്യമൊരുക്കേണ്ടത് ഭൂമിയിലാണ്. അത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറില്‍ അഞ്ചു വിമാനത്താവളവും ഒരു കൂട്ടര്‍ക്കു തന്നെ ലഭിക്കുമ്പോള്‍ പുറത്തു നിന്നു നോക്കുന്നവര്‍ക്കു സ്വാഭാവികമായും സംശയം വരും. ഇത് ഒരാളെ ഏല്‍പിക്കാന്‍ തുടങ്ങിയ കാര്യങ്ങളായിരുന്നോ? ഒരു നാടകത്തിലൂടെ അദാനിയെ ഏല്‍പിക്കുകയും അതിനു ബിഡ്ഡിങ് എന്ന മറയിടുകയുമായിരുന്നോ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിച്ചത്? അതെല്ലാം ഇനിയുള്ള നാളുകളില്‍ വ്യക്തമാകേണ്ടതാണെന്നും പിണറായി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.