തിരുവനന്തപുരം: ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് നീക്കി ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയിൽ നിമയനം നൽകിയതിൽ മന്ത്രിക്ക് എതിർപ്പ്. മന്ത്രിസഭാ യോഗത്തിലാണ് തന്നോട് ചോദിക്കാതെയാണ് സപ്ലൈകോയില്‍ ജനറല്‍ മാനേജറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതെന്ന് വകുപ്പ് മന്ത്രി ജി.ആർ.അനിൽ പരാതിപ്പെട്ടത്.
ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറൽ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നും വിവാദത്തിൽ പെട്ട വ്യക്തി വകുപ്പിൽ വരുന്നത് അറിയിച്ചില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാതി. എന്നാൽ, മന്ത്രിക്കെതിരായ തന്റെ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രകടിപ്പിച്ചു.
മന്ത്രിമാർക്ക് അഭിപ്രായം പറയാമെന്നും മുഖ്യമന്ത്രിക്ക് കത്ത് നൽകാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. എന്നാൽ ആ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളിൽ വാർത്തയായി വന്നത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ വിഷയത്തിൽ കൂടുതൽ ചർച്ച ഉണ്ടായില്ല. ശ്രീറാമിന്റെ നിയമനം തന്നെ അറിയിക്കാതെയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അനിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്ത വന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തി.
കഴിഞ്ഞ ദിവസമാണ് വ്യാപക പ്രതിഷേധത്തെത്തുടർന്ന് ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് മാറ്റിയത്. മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാമിനെ കലക്ടറായി നിയമിച്ചതില്‍ വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമനെ നീക്കി കൃഷ്ണ തേജയെ പുതിയ കലക്ടര്‍ ആയി നിയമിച്ച് ഉത്തരവ് പുറത്തിറങ്ങി. ശ്രീറാമിന് സപ്ലൈകോയില്‍ ജനറല്‍ മാനേജര്‍ ആയാണ് പുതിയ നിയമനം.