തിരുവനന്തപുരം: ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വികസന പദ്ധതികളിൽ നിന്ന് സർക്കാർ ഒരടി പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന വികസനപദ്ധതികൾ ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന് സർക്കാർ ഉപേക്ഷിക്കാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നേട്ടങ്ങളുണ്ടാക്കുന്നത് ചിലർക്ക് ഇഷ്‌ടപ്പെടുന്നില്ലെന്നും അങ്ങനെയുള്ളവരാണ് വികസന പദ്ധതികളെ അവഹേളിക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായുള്ള 29 ഭവനസമുച്ചയങ്ങളുടെ നിർമാണോദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“ലൈഫ് പദ്ധതിക്കെതിരെ ചിലർ നുണപ്രചരണം നടത്തുന്നു. സർക്കാർ നേട്ടങ്ങൾ ഇഷ്‌ടപ്പെടാത്ത ചിലരുണ്ട്. അവരാണ് ലൈഫ് അടക്കമുള്ള പദ്ധതികളെ അപഹസിക്കാൻ ശ്രമിക്കുന്നത്. യഥാർഥ കണക്കുകൾ മറച്ചുവയ്‌ക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന് സർക്കാർ വികസന പദ്ധതികൾ ഉപേക്ഷിക്കാൻ പോകുന്നില്ല,” പിണറായി പറഞ്ഞു.

Read Also: ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത് മൂന്നാം തവണ; നിർണായകം

നേരത്തെ ലെെഫുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾക്ക് അതിരൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ലെെഫ് പദ്ധതിയെ അട്ടിമറിക്കാനും കരിവാരിത്തേയ്‌ക്കാനും ചില മാധ്യമങ്ങൾ അടക്കം ശ്രമിക്കുന്നതായി പിണറായി ആരോപിച്ചു. തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കില്ലെന്ന് കരുതിയിരുന്നവർക്ക് ലെെഫ് മിഷൻ പദ്ധതിയിലൂടെ വീട് ലഭിച്ചെന്നും ഈ പദ്ധതിയെ കരിവാരിത്തേയ്‌ക്കുന്ന തരത്തിലാണ് പലരും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

“ലെെഫ് മിഷനിൽ മുഴുവൻ കമ്മീഷനും കെെക്കൂലിയുമാണെന്ന് സ്ഥാപിച്ചെടുക്കാനാണ് ചില മാധ്യമങ്ങളടക്കം ശ്രമിക്കുന്നത്. ലെെഫ് പദ്ധതിയിൽ രണ്ടേകാൽ ലക്ഷത്തിലേറെ വീടുകൾ നിർമിച്ചു. തങ്ങളുടെ ജീവിതകാലത്ത് സ്വന്തമായി ഒരു വീടുണ്ടാകില്ലെന്ന് കരുതിയിരുന്നവർ ഇപ്പോൾ സ്വന്തം വീടുകളിലാണ് കിടന്നുറങ്ങുന്നത്. ലെെഫ് പദ്ധതിയിൽ ഇനിയും വീടുകൾ നിർമിച്ചുനൽകാനുണ്ട്. ലെെഫ് പദ്ധതിയെ കരിവാരിതേയ്‌ക്കാൻ പലരും നെറികേടിന്റെ മാർഗങ്ങൾ സ്വീകരിക്കുന്നു. ലെെഫ് മിഷനുമായി ബന്ധമില്ലാത്ത പ്രശ്‌നങ്ങളെ പോലും ഈ പദ്ധതിയുമായി ബന്ധപ്പെടുത്താൻ നോക്കുന്നു,”  പിണറായി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.