തിരുവനന്തപുരം: കശാപ്പിനുവേണ്ടിയുള്ള കന്നുകാലി വ്യാപാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയക്കും. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേലുള്ള കൈകടത്തലാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയക്കുക. കേന്ദ്രത്തില്‍ നിന്നും കത്തിന് മറുപടി ലഭിച്ച ശേഷമേ മറ്റു നടപടികളുണ്ടാകൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലെ എതിര്‍പ്പ് ഉത്തരവ് പുറത്തിറങ്ങിയ ഉടനെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രത്തിന് ഉത്തരവാദിത്തമുണ്ട്. വിജ്ഞാപനം പുറപ്പെടുവിക്കും മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാനും പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവേണ്ടിയിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കേന്ദ്രസർക്കാർ ഉത്തരവിനെ രൂക്ഷമായ ഭാഷയിലാണ് കോൺഗ്രസ്​ എഐസിസി അംഗം എകെ ആൻറണി വിമർശിച്ചത്. ഉത്തരവ് വലിച്ച്​ കീറി ചവറ്റുകൊട്ടയിലെറിയണമെന്ന്​ എകെ ആന്റണി പറഞ്ഞു. ആർഎസ്​എസ്​ അജണ്ടയാണ്​ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നതെന്നും ആൻറണി കുറ്റപ്പെടുത്തി.

മോദിക്കെതിരായ പോരാട്ടത്തി​​ന്റെ ആദ്യ പടിയാണ്​ സോണിയയുടെ നേതൃത്വത്തിൽ വെള്ളിയാഴ്​ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം. സംസ്ഥാന തലത്തിൽ​ പാർട്ടികൾ തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ജനതാൽപര്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ എല്ലാ പാർട്ടികളും ഒരുമിച്ച്​ നിൽക്കണമെന്നും ആൻറണി അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.