തിരുവനന്തപുരം: ജയിലിൽ കഴിയുന്ന കുറ്റവാളികളിൽ അനധികൃതമായി ആരുടെയും ശിക്ഷ ഇളവ് നൽകാൻ സർക്കാർ ഗവർണറോട് ശുപാർശ ചെയ്‌തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ശിക്ഷ ഇളവ് നൽകാൻ സമർപ്പിച്ച പട്ടികയിലുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ലഹരിമരുന്ന് ഉപയോഗിച്ചോ ലൈംഗിക പീഡനത്തിനു ശേഷമോ കൊലപാതകം നടത്തിയവർ പട്ടികയിലില്ല. മറിച്ചുളള പ്രചരണങ്ങൾ തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവപര്യന്തം തടവിന് 14 വർഷം ശിക്ഷിക്കപ്പെട്ടവർക്ക് ഈ കാലാവധി കഴിയാതെ ശിക്ഷാ ഇളവിന് പരിഗണിക്കാറില്ല. അതേസമയം, ടി.പി. കേസ് പ്രതികൾ ഗവർണർക്ക് നൽകിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിന് വ്യക്തമായ ഉത്തരവും മുഖ്യമന്ത്രി നൽകിയില്ല.

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നവും ഗുണ്ടാവിളയാട്ടവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ സഭയിൽ പ്രതികരിച്ചത്. ഗുണ്ടാ നിയമ പ്രകാരം സംസ്ഥാനത്ത് 171 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ