തിരുവനന്തപുരം: സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. പൊലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പൊലീസിനു നേട്ടമായി. സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.

കുറ്റകൃത്യം പരിപൂർണ്ണമായി തെളിയിച്ച് കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും. സ്ത്രീക്കുനേരെ ഉണ്ടായ ആക്രമണം ഉല്‍കണ്ഠാജനകമാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണത്. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെയും അവർക്ക് താവളമൊരുക്കുന്നവരെയും നിർദാക്ഷിണ്യം നേരിടും. അതിൽ ഒരു വീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ചലച്ചിത്ര താരം രഹസ്യമൊഴി നൽകുകയാണ്. കളമശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് താരം ഇപ്പോഴുള്ളത്. വനിത ജഡ്ജിയായതിനാലാണ് താരം ഈ കോടതിയിൽ രഹസ്യമൊഴി നൽകാനെത്തിയത്.

വെള്ളിയാഴ്ച രാത്രിയാണ് തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന താരത്തെ മൂന്നംഗ സംഘം വഴിയിൽ വച്ച് ആക്രമിച്ചത്. പിന്നീട് ഇവരുടെ അപകീർത്തികരമായ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നാണ്. സംഭവത്തിൽ രാവിലെ കളമശേരി മെഡിക്കൽ കോളേജിൽ താരം വൈദ്യ പരിശോധനയ്ക്ക് വിധേയയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ