scorecardresearch
Latest News

ജയിലിലെ ഗോപൂജ; ഈശ്വരന്റെ പേരിലായാലും നിയമലംഘനം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കര്‍ണാടകയില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാക്കളെ പങ്കെടുപ്പിച്ച് ഫെബ്രുവരി അഞ്ചാം തീയതിയാണ് ചീമേനി ജയിലില്‍ ഗോപൂജ നടന്നത്

pinarayi vijayan

കാസര്‍ഗോഡ്: ചീമേനി തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ സംഭവം നിയമലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈശ്വരന്റെ പേരിലായാല്‍ പോലും നിയമത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന് അതീതമായി ആര്‍ക്കും ഒരു സൗകര്യവുമൊരുക്കരുതെന്നും അഴിമതിക്കാരുടെ പ്രലോഭനത്തില്‍ ആരും വീഴരുതെന്നും പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഗോപൂജ ജയിലിലെ മതസൗഹാര്‍ദത്തിനും മതതേതര കാഴ്ചപ്പാടിനും വിരുദ്ധമാണെന്ന് എഡിജിപി ശ്രീലേഖ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. പൂജ സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം ധിക്കാരപരമായിരുന്നെന്നും ജയില്‍ മേധാവി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കര്‍ണാടകയില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാക്കളെ പങ്കെടുപ്പിച്ച് ഫെബ്രുവരി അഞ്ചാം തീയതിയാണ് ജയിലില്‍ ഗോപൂജ നടന്നത്. കര്‍ണാകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് പശുക്കളെ കൈമാറുന്ന ചടങ്ങിന്റെ ഭാഗമായിരുന്നു പൂജ. ജയില്‍ സുപ്രണ്ടിന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. കര്‍ണാടകയില്‍ നിന്നെത്തിയ സംഘ്പരിവാര്‍ അനുഭാവിയായ സ്വാമിയാണ് പൂജ നടത്തിയത്. ജയില്‍ സൂപ്രണ്ടും ജോയിന്റ് സൂപ്രണ്ടും ചേര്‍ന്നാണ് സ്വാമിയെയും സംഘത്തെയും സ്വീകരിച്ചത്.

പൂജയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ തടവുകാരും പങ്കെടുത്തിരുന്നു. ഗോ മാതാവിന് ജയ് വിളിച്ചു കൊണ്ടായിരുന്നു പൂജ. ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോട് കൂടി സംഭവം വിവാദമായിരുന്നു.
കര്‍ണാടകയിലെ ഹൊസനഗര മഠം ഗോശാല അധികൃതര്‍ കുള്ളന്‍ പശുക്കളെ ജയിലിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. പശുക്കളെ കൈമാറുന്നതിനിടയില്‍ വിളക്ക് കത്തിച്ച് വയ്ക്കുകയും ഗോ മാതാ കീ ജയ് വിളികള്‍ ഉയരുകയുമായിരുന്നു.

കൃഷിത്തോട്ടത്തിനായി പശുക്കളെ തേടി നേരത്തെ ജയില്‍ അധികൃതര്‍ നിരവധി പേരെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പശുക്കളെ സംഭാവന ചെയ്യാന്‍ സന്നദ്ധരായ കര്‍ണാടകയിലെ ഹൊസനഗര മഠം ഗോശാല രംഗത്തെത്തിയത്. രണ്ട് ലക്ഷം രൂപ വിലവരുന്ന 20 കുള്ളന്‍ പശുക്കളെയാണ് മഠം സംഭാവന ചെയ്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarai vijayan criticize jail officials