കോട്ടയം: പാല ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് ചിഹ്നം അനുവദിച്ചു. കൈതച്ചക്കയാണ് ജോസ് ടോമിന്റെ ചിഹ്നം. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം മൂലം പാര്‍ട്ടി ചിഹ്നം ജോസ് ടോമിന് ലഭിക്കില്ലെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മാറിയ ജോസ് ടോമിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ചിഹ്നമാണ് കൈതച്ച.
അതേസമയം, ചിഹ്നം ഏതായാലും വിജയം ഉറപ്പാണെന്ന് ജോസ് ടോം പറഞ്ഞു. ചിഹ്നം നോക്കിയല്ല, സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലായിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം രൂക്ഷമായി തുടരുകയാണ്. പാലായില്‍ യുഡിഎഫിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു.
Read More: ഞങ്ങള്‍ വേറെ, നിങ്ങള്‍ വേറെ; പാലായില്‍ ഒന്നിച്ച് പ്രചാരണത്തിനില്ലെന്ന് ജോസഫ് വിഭാഗം
യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. കണ്‍വെന്‍ഷനിടെ സംഭവിച്ചതും പാര്‍ട്ടി മുഖപത്രത്തില്‍ ജോസഫിനെതിരെ വിമര്‍ശനം ഉയര്‍ന്നതും ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍, യുഡിഎഫ് പ്രശ്ന പരിഹാരത്തിനായി പരിശ്രമിക്കുന്നുണ്ട്. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമേ ഗുണം ചെയ്യൂവെന്നാണ് യുഡിഎഫ് പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ ടോം ജോസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് പറയുന്നുണ്ടെങ്കിലും അത് എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജോസഫ് വിഭാഗം വിളിച്ചാല്‍ പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് സ്ഥാനാര്‍ഥിയായ ടോം ജോസും പറയുന്നു.