പമ്പ: ശബരിമലയില്‍ പറഞ്ഞു കേള്‍ക്കുന്നത്ര പ്രശ്‌നങ്ങളില്ലെന്നും കണ്ട തീര്‍ത്ഥാടകരെല്ലാം സംതൃപ്തരാണെന്നും മനുഷ്യാവകാശ കമ്മീഷന്‍. അതേസമയം, പമ്പയില്‍ പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ അതിന് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താനാകില്ലെന്നും സര്‍ക്കാരിന്റെ കൈയ്യില്‍ മാന്ത്രിക വടിയില്ലെന്നും കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.

ഭക്തരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ചോദിച്ച് അറിഞ്ഞതിന് ശേഷമായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ ചില പരിമിതികളുണ്ടെന്നും അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹാര നടപടികള്‍ ഉടനെ സര്‍ക്കാരിന് നിർദേശിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

അതേസമയം, ശബരിമലയെ സമര കേന്ദ്രമാക്കി മാറ്റുന്നതില്‍ നിന്നും സംഘപരിവാര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിന് എതിരായാണ് സമരമെങ്കില്‍ ശബരിമലയില്‍നിന്നും മാറ്റി സെക്രട്ടറിയേറ്റിന് മുന്നിലാക്കണം. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ സമരമാണെങ്കില്‍ തെരുവില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായി ആശയപ്രചാരണത്തിന് അവര്‍ തയ്യാറാവണം. ബിജെപിയുടെ ആശയത്തെ എതിര്‍ക്കാന്‍ സിപിഎം തയ്യാറാണ്. ആശയപരമായൊരു സംവാദത്തിന് ശ്രീധരന്‍പിളളയെ താന്‍ വെല്ലുവിളിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

കോടതിവിധി നടപ്പിലാക്കുകയല്ലാതെ മറ്റെന്താണ് വഴിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ചോദിച്ചിരിക്കുന്നു. ഇത് കേരളത്തിലെ ബിജെപിക്കാരോടുളള ചോദ്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഇങ്ങനെ ചോദിക്കുമ്പോള്‍ പിന്നെ എന്തിനാണ് ഇവിടെയൊരു സമരം. ശബരിമലയെ സിപിഎം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ശ്രീധരന്‍ പിളള പറയുന്നത്. ശബരിമലയെ തകര്‍ക്കാന്‍ എന്തു ശ്രമമാണ് കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയതെന്ന് അദ്ദേഹം പറയണമെന്നും കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.