കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബു ലൈസുമൊത്ത് യുഡിഎഫ് നേതാക്കള്‍ നില്‍ക്കുന്ന ചിത്രങ്ങൾ പുറത്ത്. കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി.സിദ്ദിഖും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസും അബു ലൈസിനൊപ്പം നില്‍ക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

അതേസമയം, അബു ലൈസിനെ വ്യക്തിപരമായി അറിയില്ലെന്ന് ടി.സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്തെ ചിത്രമാണിത്. അന്ന് പലരുമായും ഫോട്ടോയെടുത്തിരുന്നു. സ്വർണകടത്ത് കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

അബു ലൈസുമായി ബന്ധമില്ലെന്ന് പി.കെ.ഫിറോസും പറഞ്ഞു. ചിത്രത്തിന്‍റെ ആധികാരികത പരിശോധിക്കണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഫിറോസ് മാധ്യമങ്ങളെ അറിയിച്ചു.


കടപ്പാട്: മനോരമാ ന്യൂസ്

അബു ലൈസിനൊപ്പം ഇടതു എംഎൽഎമാരായ കാരാട്ട് റസാഖും പി.ടി.എ.റഹീമും നിൽക്കുന്ന ചിത്രം വലിയ ചർച്ചയായിരുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനച്ചടങ്ങിലാണ് ഇവർ പങ്കെടുത്തത്. അബു ലൈസ് തന്റെ ബന്ധുവാണെന്നും ഒപ്പം ചിത്രമെടുക്കുന്നതിൽ തെറ്റില്ലെന്നുമാണ് റഹീം പ്രതികരിച്ചത്.

ദുബായിൽനിന്നു കോഴിക്കോട് ഉൾപ്പടെയുള്ള വിമാനത്താവളങ്ങൾ വഴി 39 കിലോ സ്വർണം കടത്തിയ അബു ലൈസിന്റെ സംഘത്തിന്റെ തലവൻ കൊടുവള്ളി പടനിലം ആരാമ്പ്രം മടവൂർ എടയാടിപൊയിൽ ടി.എം.ഷഹബാസിനെ 2015 ഓഗസ്റ്റ് 10ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസം ജയിലിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയ ഷഹബാസ് മുങ്ങി. ഈ സംഘത്തിലെ പ്രധാനികളാണ് അബു ലൈസും കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി നബീലും. ഇവരുടെ പേരിൽ കരുതൽ തടങ്കൽ നിയമപ്രകാരം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ