നോക്കാതെ, ശ്രദ്ധിക്കാതെ, പേടിച്ചു, പരിഹസിച്ച്, വാതില്‍ അടച്ച് പുറത്തു നമ്മള്‍ പുറത്തു നിര്‍ത്തിയിരുന്ന ഒരു കൂട്ടം ജീവിതങ്ങള്‍. പി അഭിജിത്ത് എന്ന ചെറുപ്പക്കാരന്‍ തന്‍റെ ക്യാമറ തുറന്നു വച്ചത് അവരിലെക്കാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങള്‍ എന്ന ആശയത്തിന് പുറകെ അഭിജിത്ത് കൂടിയിട്ടു പത്തു വര്‍ഷങ്ങളോളമായി. 2007ല്‍ പുരുഷനില്‍ നിന്ന് സ്ത്രീയായവരുടെ ജീവിതങ്ങള്‍ പതിഞ്ഞ ആദ്യ ചിത്ര പ്രദര്‍ശനത്തിലൂടെ ശ്രദ്ധേയനായി.

കഴിഞ്ഞ വര്‍ഷത്തിന്‍റെ തുടര്‍ച്ചയായി ട്രാന്‍സ്‌ജെന്‍ഡര്‍-ഫ്രണ്ട്ലി പോളിസികള്‍ ഇക്കൊല്ലവും തുടരുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാന്തരമായി ‘മാന്‍ ഐ ആം’ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ചിത്ര പ്രദര്‍ശനവുമായി അഭിജിത്ത് വീണ്ടും എത്തുന്നു. ഇന്ന് മുതല്‍ മൂന്ന് ദിവസം നീളുന്ന പ്രദര്‍ശനം തിരുവനന്തപുരത്ത് മ്യൂസിയം കെ സി എസ് പണിക്കര്‍ ഗാലറിയില്‍ നടക്കും.

തിരുവന്തപുരം എം പി ശശി തരൂര്‍ പ്രദര്‍ശനം ഉത്ഘാടനം ചെയ്തു.

സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയവരുടെ ജീവിതമാണ് അഭിജിത്തിന്‍റെ ഫ്രെയിമുകളില്‍ ഇക്കുറി. ആദ്യ എക്‌സിബിഷന്‍ നടക്കുന്ന സമയം മുതലേ താന്‍ ഈ ചിത്രങ്ങള്‍ക്കും ഇവരുടെ ജീവിതത്തിനും പുറമേയുണ്ടായിരുന്നുവെന്ന് അഭിജിത്ത്.

‘2007ല്‍ നിന്നും 2017ലേക്കെത്തുമ്പോള്‍ ഒരു വ്യത്യാസമുണ്ട്. ആദ്യം പുരുഷനില്‍ നിന്നും സ്ത്രീയായി മാറിയവരുടെ കാര്യമാണ് ഞാന്‍ അറിയാന്‍ ശ്രമിച്ചത്. ഇങ്ങനെയൊരു വിഭാഗത്തെ ഇപ്പോള്‍ നമ്മള്‍ പതിയെ അംഗീകരിച്ചു തുടങ്ങി. എന്നാല്‍ സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക് മാറിയവരുടെ കാര്യം അങ്ങനെയല്ല. അവരെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നേയില്ല. അത്തരം ആളുകളെ പരിചയപ്പെടുത്തണമെന്നാണ് ഈ പ്രദര്‍ശനത്തിന്റെ ഉദ്ദേശം. അത്തരത്തിലുള്ള ആറ് ആളുകളുടെ ജീവിതത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.’ അഭിജിത്ത് പറയുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു കേള്‍ക്കുമ്പോള്‍ പൊതുവില്‍ ആളുകള്‍ ട്രാന്‍സ് വിമണെക്കുറിച്ച് (പുരുഷനില്‍ നിന്ന് സ്ത്രീയായി മാറിയവര്‍) മാത്രമേ സംസാരിക്കാറുള്ളൂവെന്നും അഭിജിത്തിന്റെ ഫോട്ടോ പ്രദര്‍ശനം അത്തരം ധാരണകളെ തിരുത്താനും, ട്രാന്‍സ്‌മെന്‍ കമ്മ്യൂണിറ്റിയെ സമൂഹത്തിന് പരിചയപ്പെടുത്താനും സഹായിക്കുമെന്ന് ട്രാന്‍സ് മാനും ആക്ടിവിസ്റ്റ്മായ വിഹാന്‍ പീതാംബരന്‍ അഭിപ്രായപ്പെട്ടു.

‘ആളുകള്‍ക്ക് ഈ കമ്മ്യൂണിറ്റിയെക്കുറിച്ച് അറിയില്ല എന്നതു കൊണ്ടു തന്നെ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അറിയില്ല. ട്രാന്‍സ് സ്ത്രീകളെക്കാള്‍ പ്രശ്‌നങ്ങള്‍ ട്രാന്‍സ് പുരുഷന്മാര്‍ അഭിമുഖീകരിക്കുന്നുണ്ട്. അത്തരം ഒരു വിഭാഗം നിലനില്‍ക്കുന്നു എന്നതു പോലും ആളുകള്‍ക്ക് അറിയില്ല. ഞങ്ങളും നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നു, നിങ്ങളുടെ ആവശ്യങ്ങളെപ്പോലെയാണ് ഞങ്ങളുടെ ആവശ്യങ്ങളും, അത്രത്തോളം പ്രധാനമാണ് ഞങ്ങളുടെ ജീവിതവും എന്നത് സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നതാണ് അഭിജിത്തേട്ടന്റെ ഈ ഫോട്ടോ പ്രദര്‍ശനം.’ വിഹാന്‍ പീതാംബരന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ