കൊച്ചി: ഫോൺകെണി വിവാദത്തിൽ കോടതി കുറ്റവിമുക്തനാക്കിയ മുൻമന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഹൈക്കോടതിയിൽ ഹർജി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയ സാമൂഹിക പ്രവര്‍ത്തക തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈക്കോടതിയിലും ഹർജി നൽകിയത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. മറ്റ് സാക്ഷിമൊഴികളും രേഖകളും പരിഗണിച്ചിട്ടില്ലെന്നും അവ കൂടി പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഫോൺകെണി വിവാദത്തിൽ പരാതിക്കാരി മൊഴിമാറ്റിയതിനെ തുടർന്നാണ് ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കിയത്. ജനുവരി 24 ന് കോടതിയിൽ പരാതിക്കാരി തന്റെ പരാതി നിഷേധിച്ച് കോടതിൽ മൊഴി നൽകിയിരുന്നു. തന്നെ ആരും ശല്യം ചെയ്തിട്ടില്ലെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. ഫോണിൽ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും പരാതിക്കാരി മൊഴികൊടുത്തിരുന്നു.

എന്നാൽ കേസിൽ പരാതിക്കാരി കോടതിയിൽ നിലപാട് മാറ്റിയത് ശശീന്ദ്രൻ ഭീഷണിപ്പെടുത്തിയിട്ടാകാമെന്ന് ചൂണ്ടിക്കാട്ടി തൈക്കാട് സ്വദേശിനി മഹാലക്ഷ്മി കോടതിയെ സമീപിച്ചു. എന്നാൽ പരാതിക്കാരി മൊഴിമാറ്റിയതോടെ കോടതി ഈ ഹർജി തളളുകയായിരുന്നു.

2016 മെയ് 25 നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി എ.കെ.ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 2017 മാർച്ച് 26 ന് ഫോൺ കെണി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വിവാദങ്ങളെ തുടർന്ന് രാജിവച്ചു. മന്ത്രിസ്ഥാനത്ത് നിന്നും രാജിവച്ച് പത്ത് മാസം പിന്നിടുമ്പോഴാണ് ശശീന്ദ്രന് കേസിൽ അനുകൂല വിധി വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.