തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ ഹണിട്രാപ്പിൽ കുടുക്കിയ മംഗളം ചാനലിന്റെ ഓഫീസിൽ പൊലീസ് പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ചാനലിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം മൊഴി എടുത്തു. എന്നാൽ കേസിൽ പ്രതികളായ ചാനൽ മേധാവി ഉൾപ്പടെയുള്ള ആരെയും പൊലീസിന് കണ്ടെത്താനായില്ല. ഇവരാരും പൊലീസിന് മുന്നിൽ കീഴടങ്ങില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ , പ്രതികളെല്ലാം നാളെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുമെന്നാണ് സൂചന. നിക്ഷപക്ഷമായ അന്വേഷണവും കടുത്ത നടപടിയുമുണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു. മുന്‍ മന്ത്രിയെ കുരുക്കിയ സ്റ്റിംഗ് ഓപ്പറേഷനുപിന്നില് ഗൂഢാലോചനയുണ്ടെന്നാണ് പ്രത്യേക സംഘത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് ചാനല്‍ ആസ്ഥാനത്ത് പരിശോധന നടത്തിയത്. ചാനല്‍ മേധാവിയടുക്കം പ്രതിചേര്‍ക്കപ്പെട്ടവരെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ എഫ്ഐആറില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പത് പേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ മുന്‍ ജാമ്യാപേക്ഷക്ക് ഒരുങ്ങുന്ന സാഹചര്യത്തില്‍ ആരും ഇന്ന് ഹാജരായില്ല. അറസ്റ്റുള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു.
മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രനെ കുടുക്കിയ വിവാദ ഫോൺ സംഭാഷണ വിഷയത്തിൽ ചാനൽ മേധാവി ഉൾപ്പെടെ 9 പേർക്കെതിരെ ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തിരിക്കുന്നത് . ചാനൽ സിഇഒ അജിത് കുമാർ ഉൾപ്പടെയുളളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐടി ആക്ട്, ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പുകളാണ് ചാനൽ അധികൃതർ ഉൾപ്പെടെയുളളവർക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് പേർ നൽകിയ പരാതികളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്റേത് എന്ന പേരിൽ ചാനൽ പുറത്തുവിട്ട ഫോൺ സംഭാഷണം വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. വാർത്ത വന്നതിനെത്തുടർന്ന് മന്ത്രി സ്ഥാനം ശശീന്ദ്രൻ രാജി വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ വാർത്ത സ്റ്റിങ്ങ് ഓപ്പറേഷന്രെ ഭാഗമായിരുന്നുവെന്നും ചാനൽ ആദ്യം പറഞ്ഞിരുന്നതുപോലെ വീട്ടമ്മയല്ല മന്ത്രിയെ വിളിച്ചത്, ചാനലിലെ തന്നെ ഒരു മാധ്യമ പ്രവർത്തകയാണെന്നും ഇന്നലെ മംഗളം ചാനൽ സിഇഒ അജിത് കുമാർ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ ഒരു വാർത്ത സംപ്രേക്ഷണം ചെയ്തതിൽ നിർവ്യാജം ഖേദവും പ്രകടിപ്പിച്ചിരുന്നു.