കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച വിഷയത്തില്‍ തന്നോടു പരാതി പറഞ്ഞിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. കന്യാസ്ത്രീയും കര്‍ദിനാളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ബിഷപ്പ് പീഡിപ്പിച്ചതായി പരാതി ഉന്നയിച്ച കന്യാസ്ത്രീയുമായും കർദിനാളും തമ്മിൽ ഈ വിഷയത്തെ കുറിച്ച് നടത്തിയ ഫോൺസംഭാഷണം എന്നു കരുതപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നിട്ടുളളത്.
വിഷയത്തില്‍ തനിക്ക് സഹായമൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്ന കര്‍ദിനാള്‍ ഈ വിഷയത്തില്‍ താന്‍ പൊലീസ് ചോദിച്ചാല്‍ ഒന്നും അറിഞ്ഞിട്ടില്ലായെന്നു മാത്രമേ പറയുകയുള്ളൂവെന്നും പുറത്തുവന്ന സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന കാര്യം തന്നോടു പറഞ്ഞിട്ടില്ലെന്ന് ഇന്നലെ അന്വേഷണ സംഘത്തിനോട് കര്‍ദിനാള്‍ മൊഴി നൽകിയതായി വാർത്ത വന്നിരുന്നു. ഈ വാദം പൂര്‍ണമായും തള്ളിക്കളയുന്ന തരത്തിലുള്ളതാണ് ഫോണ്‍ സംഭാഷണത്തിലൂടെ പുറത്തുവരുന്ന വിവരങ്ങള്‍.
വത്തിക്കാന്‍ നൂണ്‍ഷ്യോയേയും സിബിസിഐ പ്രസിഡന്റിനേയും കണ്ടു പരാതി നല്‍കാന്‍ അപ്പോയ്‌മെന്റ് എടുത്തു നല്‍കാവുമോയെന്ന് ചോദിക്കുമ്പോള്‍ നേരിട്ടു പോയി കണ്ടാല്‍ മതിയെന്നും തനിക്ക് അപ്പോയ്‌മെന്റ് എടുത്തു തരാനാവില്ലെന്നുമാണ് കര്‍ദിനാള്‍ മറുപടി നല്‍കുന്നത്. പരാതിക്കാരി സ്വയം ഉണ്ടാക്കിയ പ്രശ്‌നമാണല്ലോ ഇതെന്നും അതില്‍ താനെന്ത് ചെയ്യാനാണെന്ന മറുവാദവും സംഭാഷണത്തിനിടെ കര്‍ദിനാള്‍ ഉയര്‍ത്തുന്നുണ്ട്.
ലത്തീന്‍ റീത്തിന്റെ കീഴിലുള്ളതായതിനാല്‍ സീറോ മലബാര്‍ സഭാതലവനായ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും കര്‍ദിനാള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ സീറോ മലബാര്‍ സഭാംഗങ്ങളാണെന്നും തിരിച്ചുവന്നാല്‍ സീറോ മലബാര്‍ സഭയില്‍ ചേര്‍ത്തു സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് അതിനു തനിക്കു കഴിയില്ലെന്നും കര്‍ദിനാള്‍ പറയുന്നു. അതേസമയം പരാതിയുള്ള കന്യാസ്ത്രീകള്‍ ജലന്ധറില്‍ നിന്നു വിട്ടു വീട്ടിലെത്തിയശേഷം ഒരുമിച്ചു തന്നെ വന്നുകണ്ടാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള അവസരം ഒരുക്കാമെന്ന് കര്‍ദിനാള്‍ കന്യാസ്ത്രീക്കു വാഗ്‌ദാനം നല്‍കുന്നുമുണ്ട്.
പൊലീസില്‍ കേസ് കൊടുക്കുന്നതിനു മുമ്പ് അഭിഭാഷകരുമായി ആലോചിച്ചു മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂവെന്ന നിർദ്ദേശവും മുന്നോട്ടുവയ്ക്കുന്നുണ്ട്. താന്‍ വര്‍ഷങ്ങളായി നീറിക്കഴിയുകയാണെന്നും സിവില്‍ കേസിനു പോകാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും പരാതിക്കാരിയായ കന്യാസ്ത്രീ സംഭാഷണത്തിലുടനീളം ആവര്‍ത്തിക്കുന്നുണ്ട്.