തിരുവനന്തപുരം: ഫോൺകെണി വിവാദത്തിൽ മുൻ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രതി പരാതി നൽകി. ഫോൺ കെണി വിവാദത്തിൽ നിലവിലുളള കേസിൽ പ്രതിയായ മാധ്യമ പ്രവർത്തകയാണ് പരാതി നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പരാതി നൽകിയത്. കേസ് ഈ മാസം 15 നു കോടതി പരിഗണിക്കും. നിരന്തരം ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. കോടതി മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തി.

പൊലീസ് കേസിൽ മാധ്യമപ്രവർത്തക പ്രതിയാണെങ്കിലും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അതേസമയം, ഫോൺകെണി വിവാദക്കേസിൽ സംഭാഷണം സംപ്രേഷണം ചെയ്ത ചാനലിന്റെ മേധാവിയടക്കം അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമപ്രവർത്തക പരാതി നൽകിയത്. സിഇഒ: ആർ.അജിത്കുമാറിനു പുറമേ എം.ബി.സന്തോഷ്, ആർ.ജയചന്ദ്രൻ, ഫിറോസ് സാലി മുഹമ്മദ്, എസ്.വി.പ്രദീപ് എന്നിവരെയാണു രാത്രി വൈകി അറസ്റ്റ് ചെയ്തത്.

മാർച്ച് 26 നാണ് വിവാദ ഫോൺ സംഭാഷണം ചാനൽ സംപ്രേക്ഷണം ചെയ്തത്. അന്നേ ദിവസം വൈകിട്ട് തന്നെ ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ മന്ത്രിയുമായി സംഭാഷണം നടത്തിയത് വീട്ടമ്മയല്ലെന്നും മാധ്യമപ്രവർത്തകയാണെന്നും ചാനൽ വ്യക്തമാക്കി. സംഭവത്തിൽ മാപ്പു പറയുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ