പത്തനംതിട്ട: മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഓർമയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ വിശ്രമജീവിതം നയിക്കവെ പുലർച്ചെ 1.15ന് ആയിരുന്നു അന്ത്യം. 103 വയസായിരുന്നു. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എസ്സിഎസ് കുന്നിലാണ് കബറടക്കം.
കഴിഞ്ഞയാഴ്ച ശരീരികാസ്വസ്ഥതകളെത്തുടർന്ന് തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ ഡിസ്ചാർജ് ചെയ്തിരുന്നു. കഴിഞ്ഞ മാസം അവസാനം 103 വയസ് പൂർത്തിയാക്കിയ അദ്ദേഹം ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു. ജന്മസിദ്ധമായി ലഭിച്ച നർമവാസന കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ക്രിസോസ്റ്റമിനെ 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന വ്യക്തികൂടിയാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.
കുമ്പനാട് കലമണ്ണിൽ കെ.ഇ ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27നാ യിരുന്നു മാർ ക്രിസോസ്റ്റത്തിന്റെ ജനനം. പത്തനംതിട്ടയിലെ മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലുവ യുസി കോളജിൽനിന്നു ബിരുദം പൂർത്തിയാക്കി. 1940ൽ കർണാടകയിൽനിന്ന് മിഷണറി പ്രവർത്തനം തുടങ്ങി. ബെംഗളുരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽനിന്നു വൈദിക പഠനം നേടി 1944ൽ വൈദികനായി. 1953ൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്ന പേരിൽ മേൽപട്ട സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.

Read Here, Former head of Mar Thoma Church Dr Philipose Mar Chrysostom passes away
- നിര്‍ത്താതെ ചിരിച്ച മൂന്ന് മണിക്കൂർ; ക്രിസോസ്റ്റം തിരുമേനിയെ അനുസ്മരിച്ച് മാലാ പാര്‍വ്വതി
- ആധുനിക കാലത്തെ പ്രവാചക സ്വരം
1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു. 1999 ഒക്ടോബർ 23ന് ഡോ. അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് മാർത്തോമാ സഭാ അധ്യക്ഷനായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനം ഒഴിഞ്ഞു. സഭയ്ക്കകത്തും പുറത്തും രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം.
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നർമമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലർത്തി എപ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായിനിന്ന തിരുമേനിയെയാണ് നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.