തിരുവനന്തപുരം: സ്റ്റൈപ്പന്‍റ് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും സമരത്തിൽ. ഒപിയും കിടത്തി ചികിത്സയും ബഹിഷ്കരിച്ചു. ഈ മാസം ഇരുപതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തേയും ഐസിയുവിനേയും സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സൂചനാ പണിമുടക്ക് രോഗികളെ വലയ്ക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. മെഡിക്കല്‍ കോളേജുകളുടെ ഒപി, കിടത്തി ചികിത്സാ വിഭാഗം പ്രവര്‍ത്തനങ്ങളെ പണിമുടക്ക് സാരമായി ബാധിച്ചു. കിടത്തി ചികിത്സയും ഒപിയും വിദ്യാർഥികൾ ബഹിഷ്കരിച്ചതോടെ അധ്യാപകരെ രംഗത്തിറക്കിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്. അതേസമയം, ദന്തൽ വിദ്യാർഥികൾ ബഹിഷ്കരണത്തിൽ പങ്കെടുക്കുന്നില്ല.
വിദ്യാർഥികൾ മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളിലായിരുന്നു പ്രതിഷേധം. 2015ന് ശേഷം പിജി ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും സ്റ്റൈപ്പന്‍റ് കൂട്ടിയിട്ടില്ല. കോഴ്സിനുള്ള ഫീസ് കൂട്ടുമ്പോഴും കുറഞ്ഞ സ്റ്റൈപ്പന്‍റിലുള്ള പഠനം പ്രതിസന്ധിയിലാണെന്നാണ് വിദ്യാർഥികൾ പറയുന്നത്.
മെഡിക്കല്‍ കോളേജുകളിൽ പ്രശ്നം രൂക്ഷമല്ലെങ്കിലും ഒപിയിൽ തിരക്ക് കൂടുന്നുണ്ട്. നാളെ രാവിലെ എട്ട് മണിവരെ ബഹിഷ്കരണം തുടരാനാണ് തീരുമാനം. ധനവകുപ്പിന്‍റെ അനുമതി വൈകുന്നതാണ് സ്റ്റൈപ്പന്റ് കൂട്ടാനുള്ള പ്രധാന തടസമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.