തിരുവനന്തപുരം: പിജി വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
സ്റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. ധനകാര്യ വകുപ്പ് മന്ത്രിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി പിജി വിദ്യര്‍ഥികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.
ഒന്നാം വര്‍ഷ പി.ജി പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് സമരക്കാര്‍ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണിതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.ആരോഗ്യ വകുപ്പിന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് 373 എന്‍.എ.ജെ.ആര്‍.മാരെ നിയമിക്കുന്നതിന് ഉത്തരവായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് സമരക്കരോട് മന്ത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പിജി ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം വേണമെന്നാണ് സമരക്കാരുടെ ആവശ്യം. അത് ലഭിക്കുന്നതു വരെ സമരം തുടരാനാണ് തീരുമാനം.
Also Read: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ജാഗ്രത അനിവാര്യമെന്ന് ആരോഗ്യ മന്ത്രി