തിരുവനന്തപുരം: സമരം തുടരുന്ന പിജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. പരിഹാരമാർഗങ്ങൾ ഒന്നും ചർച്ചയാവാതിരുന്നതിനാൽ സമരം തുടരുമെന്ന് ഡോക്ടർമാർ പറഞ്ഞു. അതേസമയം, മന്ത്രിയുൾപ്പെടുന്ന ഉന്നതതല ചർച്ച നടത്താമെന്ന് സർക്കാർ ഉറപ്പ് നൽകി.
കൂടുതൽ ജൂനിയർ ഡോക്ടർമാരുടെ നിയമിക്കുക, സ്റ്റെപൻഡ് വർധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പിജി ഡോക്ടർമാർ സമരം നടത്തുന്നത്. നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം 373 ജൂനിയർ ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇത് അപര്യാപ്തമെന്നാണ് ഡോക്ടർമാർ പറയുന്നത്.
സമരം ആരംഭിച്ചു പതിനാല് ദിവസങ്ങൾക്ക് ശേഷമാണു സർക്കാർ സമവായ നീക്കത്തിന് തയ്യാറായത്. നേരത്തെ ഡോക്ടർമാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചിട്ടുണ്ട്, കൂടുതൽ ചർച്ചയുടെ ആവശ്യമില്ല എന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ ഇന്നലെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ ആയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്.
Also Read: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്: വിവാഹം, മരണാനന്തര ചടങ്ങുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം
ഇന്നലെ ഹൗസ് സർജൻമാരുമായി മന്ത്രിയുടെ ഓഫീസ് ചർച്ച നടത്തിയിരുന്നു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ചർച്ച നടത്തിയത്. ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ഹൗസ് സർജന്മാർ സൂചനാ പണിമുടക്ക് അവസാനിപ്പിച്ചു ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കും.
അതേസമയം, അഞ്ച് ദിവസമായി തുടരുന്ന സമരത്തിൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം താളംതെറ്റിയ നിലയിലാണ്. ഇന്നലെ പലയിടങ്ങളിലും ഒപികളിൽ വലിയ തിരക്ക് ആണ് അനുഭവപ്പെട്ടത്. രോഗികളെ തിരിച്ചയക്കേണ്ട സാഹചര്യം ചിലയിടങ്ങളിൽ ഉണ്ടായി. മിക്കയിടങ്ങളിലും ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവെച്ചിരിക്കുകയാണ്.