തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടർമാരുടെ ഡ്യൂട്ടി ബഹിഷ്ക്കരണ സമരം തുടരുന്നു. നാല് ദിവസമായുള്ള സമരത്തെത്തുടർന്ന് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ ആകെ ബാധിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലെ ഒ.പികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടങ്ങളിലും രോഗികളെ തിരിച്ചയക്കുകയാണ്. ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്.
അതേസമയം, ഹൗസ് സർജന്മാരും 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര, കോവിഡ് ഡ്യൂട്ടികൾ ഒഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കകരിച്ചാണ് ഹൗസ് സർജന്മാർ പണിമുടക്കുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പിജി ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൗസ് സർജന്മാരുടെ 24 പണിമുടക്കിനു പുറമെ പിജി അധ്യാപകരായ ഡോക്ടർമാരും ഇന്ന് മൂന്ന് മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജുകളിൽ പ്രതിസന്ധി ഇത്രയും രൂക്ഷമായിട്ടും പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്നും നടപടികൾ ഒന്നും ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നത്. സർക്കാരിന് ഇനി പ്രത്യേകം ഒന്നും ചെയ്യാൻ ഇല്ലെന്നാണ് ആരോഗ്യമന്ത്രി വിഷയത്തിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാൽ സർക്കാർ വാക്കാൽ ഉറപ്പ് നല്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നിലെന്നാണ് പിജി ഡോക്ടർമാരുടെ ആരോപണം.
Also Read: പിജി ഡോക്ടർമാർ നടത്തുന്ന സമരം ധാർമികതയ്ക്ക് നിരക്കാത്തത്: ഡി.വൈ.എഫ്.ഐ
ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചതിനാല്‍ ഇനി ചര്‍ച്ചയുമായി മുന്നോട്ട് പോകേണ്ടതില്ല എന്നാണ് സര്‍ക്കാര്രിന്റെ പരസ്യ നിലപാട്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായ നോണ്‍ അക്കാദമിക് ഡോക്ടര്‍മാരുടെ നിയമനം ഇന്ന് മുതല്‍ ആരംഭിക്കും.