തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പിജി ഡോക്ടര്‍മാര്‍ നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ജോലിഭാരം കുറയ്ക്കുക, സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
നിവേദനം സമര്‍പ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ പിജി ഡോക്ടര്‍മാര്‍ എത്തിയിരുന്നു. ആരോഗ്യമന്ത്രിയുമായി സംസാരിച്ച് സമരം അവസാനിപ്പിക്കണം എന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിര്‍ദേശം നല്‍കുകയും ചെയ്തു.
ജോലിഭാരവും ഡോക്ടര്‍മാരുടെ കുറവും സംബന്ധിച്ച് കെഎംപിജിഎ സംസ്ഥാന സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. സമരം പിന്‍വലിച്ചതോടെ ഇന്നു മുതല്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അത്യാവശ്യ വിഭാഗങ്ങളില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചിരുന്നു. അത്യാഹിത വിഭാഗം, ശസ്ത്രക്രിയ, ലേബര്‍ റൂം എന്നിവയില്‍ ഡോക്ടര്‍മാര്‍ ഇന്നലെ മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. തുടര്‍ച്ചയായ അഞ്ച് ദിവസമാണ് എമര്‍ജെന്‍സി ഡ്യൂട്ടി ബഹിഷ്കരിച്ച് പിജി ഡോക്ടര്‍മാര്‍ സമരം ചെയ്തത്.
രണ്ട് തവണ ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയും നടത്തി. എന്നാല്‍ ഉറപ്പുകള്‍ രേഖാമൂലം ലഭിച്ചാല്‍ മാത്രമേ സമരം പിന്‍വലിക്കൂവെന്ന നിലപാടിലായിരുന്നു പിജി ഡോക്ടര്‍മാര്‍. ജോലിഭാരം കണക്കിലെടുത്ത് റസിഡന്റ് മാനുവല്‍ നടപ്പാക്കാനും ഡോക്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.
Also Read: ഒമിക്രോണ്‍ രോഗിയുടെ റൂട്ട്മാപ്പിൽ ഷോപ്പിങ് മാളും ആശുപത്രികളും; സമ്പര്‍ക്കപ്പട്ടിക വിപുലം