scorecardresearch
Latest News

സമരം മയപ്പെടുത്തി പിജി ഡോക്ടർമാർ; അടിയന്തര വിഭാഗങ്ങളിൽ ഡ്യൂട്ടിക്ക് കയറും

അത്യാഹിത വിഭാഗം, ലേബർ റൂം, ശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ രാവിലെ എട്ടുമണി മുതൽ ജോലിക്ക് കയറി തുടങ്ങി

PG Doctor's Strike, പിജി ഡോക്ടര്‍മാരുടെ സമരം, Kerala Government, Veena George, PG Doctors, Thiruvananthapuram Medical College, LDF Government, IE Malayalam, ഐഇ മലയാളം
Photo: Screen Grab

തിരുവനന്തപുരം: ഒരാഴ്ചയായി നടത്തിവരുന്ന സമരം മയപ്പെടുത്തി പിജി ഡോക്ടർമാർ. ഇന്ന് മുതൽ അടിയന്തര ചികിത്സാ വിഭാഗങ്ങളിൽ ജോലിക്ക് കയറുമെന്ന് പിജി ഡോക്ടർമാരുടെ സംഘടന വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇന്നലെ ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായതിനെ തുടർന്നാണ് തീരുമാനം.

അത്യാഹിത വിഭാഗം, ലേബർ റൂം, ശസ്ത്രക്രിയ തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ രാവിലെ എട്ടുമണി മുതൽ ജോലിക്ക് കയറി തുടങ്ങി. എന്നാൽ ഒപി വാർഡ് ഡ്യൂട്ടി ബഹിഷ്‌കരണം തുടരും. ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങൾക്ക് അനുഭാവപൂർവം തീരുമാനമെടുക്കാമെന്നാണ് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയത്.

സിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതലെന്ന് അറിയാന്‍ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് തുടങ്ങി; ഇടപാടുകൾ തടസപ്പെട്ടേക്കും

സ്റ്റൈപെന്‍ഡ് നാല് ശതമാനം വര്‍ധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. ധനകാര്യ വകുപ്പ് മന്ത്രിയുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി പിജി വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് സമരക്കാരോട് മന്ത്രി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പിജി ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ രേഖാമൂലം വേണമെന്നാണ് സമരക്കാരുടെ ആവശ്യം. അത് ലഭിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pg doctors softens strike will take duty in emergency departments