scorecardresearch
Latest News

പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു; പ്രവർത്തനം നിർത്താൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ അഭ്യർഥന

പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുല്‍ സത്താര്‍ അറിയിച്ചു

പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു; പ്രവർത്തനം നിർത്താൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ അഭ്യർഥന

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചു വിട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ സംഘടനയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാരെന്ന നിലയില്‍ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി അബ്ദുല്‍ സത്താര്‍ പ്രസ്താവനയിൽ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

”പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്.

പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.”

ദേശീയ, സംസ്ഥാന നേതാക്കളെ എൻ ഐ എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഒളിവില്‍ പോയ അബ്ദുള്‍ സത്താറിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ ഉടന്‍ എന്‍ ഐ എക്കു കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pfi state general secretary says popular front of india has been disbanded