scorecardresearch

പിഎഫ്ഐ ഹര്‍ത്താല്‍: ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

ജപ്തി നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി

high court, kerala news, ie malayalam
high court

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഹര്‍ത്താല്‍ അക്രമത്തില്‍ ജപ്തി നടപടികള്‍ നീളുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ഈ മാസം 23-നകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ജപ്തി നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തിങ്കളാഴ്ചയ്ക്കകം നടപടികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണം. 24-ന് കേസ് വീണ്ടും പരിഗണിക്കും. വ്യക്തികളെയോ സ്ഥാപനങ്ങളെയോ കണ്ടുകിട്ടിയില്ലെങ്കില്‍ നോട്ടീസ് നല്‍കാതെ തന്നെ ജപ്തിയാവാം. ഇനി സമയം നീട്ടി നല്‍കില്ലെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായ അക്രമങ്ങളില്‍ അഞ്ചുകോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്ക്. ഈ നഷ്ടം ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പിഎഫ്ഐ പ്രവര്‍ത്തകരില്‍ നിന്നും, സംഘടനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും ഈടാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയപ്പോള്‍, സര്‍ക്കാര്‍ നിരുപാധികം മാപ്പു ചോദിച്ചിരുന്നു. ഈ മാസം 15-നകം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ജപ്തി നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്ന് കണ്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pfi hartal should complete confiscation proceedings say kerala hc