തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടം നികത്താനുള്ള ജപ്തി നടപടി നാളെ വൈകിട്ട് അഞ്ചിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവ്. ജില്ലാ കലക്ടര്‍മാര്‍ക്ക് ലാന്‍ഡ് റവന്യു കമ്മീഷണറാണ് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യത്തിലാണ്. നടപടി വേഗത്തിലാക്കാനുള്ള നിര്‍ദേശം.
മിന്നല്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കണ്ടുകെട്ടല്‍ നടപടി വൈകിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജപ്തി പൂര്‍ത്തിയാക്കി തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാനാണ് അന്ത്യശാസനം. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ടി.വി.അനുപമ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ജപ്തിക്ക് മുന്നോടെയായി നോട്ടിസ് നല്‍കേണ്ട. ജപ്തിക്ക് ശേഷം വസ്തുക്കള്‍ ലേലം ചെയ്യണമെന്നും ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
ആഭ്യന്തര വകുപ്പില്‍ നിന്നും പേരുവിവരം ലഭിക്കുന്നതിനനുസരിച്ചാണ് കലക്റ്റര്‍മാര്‍ക്ക് ജപ്തി നടപടികളിലേക്ക് കടക്കാനാവുക. ജപ്തി ചെയ്യാനുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ജില്ലാ തിരിച്ചുള്ള റിപ്പോര്‍ട്ടും അപേക്ഷയും ആഭ്യന്തരവകുപ്പ് ഇന്നലെ വരെ നല്‍കിയിരുന്നില്ല. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യം പരിഗണിച്ച് ആഭ്യന്തര വകുപ്പും നടപടികള്‍ വേഗത്തില്‍ ആക്കിയിട്ടുണ്ട്. ഓണ്‍ലൈനായാണ് റിപ്പോര്‍ട്ടും അപേക്ഷയും കൈമാറുക.പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ വാഹനം, വീട്, മറ്റു സ്ഥാപനങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍,തുടങ്ങി ഏതു സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്യാന്‍ കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. നാശനഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയിരുന്ന അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും,വസ്തുക്കളും കണ്ടു കെട്ടി.കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കള്‍ കണ്ടു കെട്ടിയത്.