കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫ് ഇന്ത്യയുടെ മിന്നല്‍ ഹര്‍ത്താലിലെ പ്രതികള്‍ക്കെതിരായ നടപടിയില്‍ ഹൈക്കോടതിക്ക് അതൃപ്തി. സ്വത്ത് കണ്ടുകെട്ടുന്നതില്‍ സര്‍ക്കാറിന് അനാസ്ഥയെന്നു കോടതി നിരീക്ഷിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, ഇതു സാധാരണ കേസല്ലെന്നു ചൂണ്ടിക്കാട്ടി. ഗൗരവമായ കുറ്റമാണിതെന്നും കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇത്തരം അലംഭാവം പാടില്ലെന്നും കോടതി പറഞ്ഞു.
സ്വത്ത് കണ്ടുകെട്ടുന്നതിന് ആറു മാസം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, സ്വത്ത് കണ്ടുകെട്ടല്‍ ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്നു ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാരും സിപി മുഹമ്മദ് നിയാസുമടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വസതികളിലും നടന്ന എന്‍ ഐ എ റെയ്ഡില്‍ പ്രതിഷേധിച്ചാണു സംഘടന സെപ്റ്റംബര്‍ 23നു മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. നിരവധി കെ എസ് ആര് ടി സി ബസുകള്‍ക്കു നേരെ നടന്ന അക്രമത്തില്‍ കോര്‍പ്പറേഷനു വന്‍ നഷ്ടമാണുണ്ടായത്. നൂറുകണക്കിനു പേര് അറസ്റ്റിലായിരുന്നു.