കൊച്ചി: പോപ്പലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 86 ലക്ഷം പയുടെ പൊതുമുതല്‍ നഷ്ടം സംഭവിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കാനുള്ള നടപടി ആരംഭിച്ചു. സ്വകാര്യ വ്യക്തികള്‍ക്കു 16 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
പി എഫ് ഐ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറില്‍നിന്ന് നഷ്ടം ഈടാക്കാന്‍ നടപടി തുടങ്ങി. റവന്യൂ റിക്കവറി നടപടിക്കു നിര്‍ദേശം നല്കി. റിക്കവറി നടപടി വിവരം രജിസ്ട്രേഷന് ഐ ജിയെ അറിയിച്ചു. നഷ്ടം തിട്ടപ്പെടുത്തുന്നതിനു മുന്‍ ജില്ലാ ജഡ്ജി പി ഡി ശാരങ്കധരനെ ക്ലെയിംസ് കമ്മിഷണറായി നിയോഗിച്ചതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹര്‍ത്താല്‍ അക്രവുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളിലും അബ്ദുള്‍ സത്താറിനെ പ്രതിയാക്കി. 342 കേസുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹര്‍ത്താല്‍ കേസുകളിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. ഭൂരിഭാഗം പ്രതികളെയും അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും.
പ്രതികള്‍ക്കു ജാമ്യം അനുവദിച്ചതു മതിയായ തുക കെട്ടിവച്ചശേഷമാണ്. 724 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ 55 ഓഫീസുകള്‍ പൂട്ടി മുദ്രവച്ചു. പൊലീസുമായി കൂടി സഹകരിച്ചാണു ചില പി എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്തതെന്നും സര്‍ക്കാര്‍ അറിയിച്ചു.
ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 23 നാണു സംസ്ഥാനത്ത് പി എഫ് ഐ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കെ എസ് ആര് ടി സി ബസുകള്‍ക്കു നേരെ വ്യാപക അക്രമമുണ്ടായി. എഴുപതിലേറെ 70 ബസുകള്‍ തകര്‍ത്തു.
ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. അക്രമസംഭ്ങ്ങളില് ഞെട്ടല്‍ രേഖപ്പെടുത്തിയ കോടതി ശരിയായ ചിന്തയുള്ളവര്‍ ഇത്തരം അക്രമം നടത്തില്ലെന്നു സ്വമേധയാ കേസ് എടുത്തുകൊണ്ട് പറഞ്ഞിരുന്നു. നാട്ടില്‍ നിയമമുണ്ടെന്നും നിയമത്തില്‍ ഭയമില്ലാത്തവരാണ് അതിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞിരുന്നു.
പൊതുമുതല്‍ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം. ഹര്‍ത്താല്‍ നിരോധിച്ച കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകണം. ജനജീവിതത്തെ വെല്ലുവിളിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്ന അക്രമങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണം. അക്രമം തടയുന്നതിനായി എല്ലാവിധ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും കോടതി പറഞ്ഞിരുന്നു.