തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. “തീവ്രവാദശക്തികളെ രാഷ്രടീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. വിഭാഗീയ ശക്തികളെ സിപിഎം എന്നും അകറ്റിനിർത്തിയിട്ടേയുള്ളൂ. എല്ലാത്തരം തീവ്രവാദ പ്രവർത്തനത്തേയും പാര്‍ട്ടി എതിർക്കുന്നു,” യെച്ചൂരി വ്യക്തമാക്കി.
“നിരോധനം ഒന്നിനും ശാശ്വതപരിഹാരമല്ല. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം അവസാനിപ്പിക്കണം എന്നുതന്നെയാണ് നിലപാട് . ആർഎസ്എസിനെ നേരത്തെ രണ്ടുതവണ നിരോധിച്ചിട്ടുള്ളതാണ്, എന്നിട്ട് മാറ്റമുണ്ടായോ? ഇത്തരം സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്,” യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
നിരോധനം കൊണ്ട് കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. വര്‍ഗീയതയ്ക്കെതിരായ നീക്കമാണെങ്കില്‍ ഒരു വിഭാഗത്തെ മാത്രം നിരോധിച്ചതുകൊണ്ട് കാര്യമില്ലെന്നും എം വി ഗോവിന്ദന് അഭിപ്രായപ്പെട്ടു.
നിരോധനം കൊണ്ട് മാത്രം പിഎഫ്ഐ പോലുള്ള സംഘടനകളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിപ്രായപ്പെട്ടു. വെറുപ്പും വിദ്വേഷവും പടർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജന്‍ഡയാണ് ആർഎസ്എസിനുമുള്ളത്. ഇതുമായി കോൺഗ്രസ് സമരസപ്പെടില്ലെന്നും സതീശന് വ്യക്തമാക്കി.
പിഎഫ്ഐ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രമേശ് ചെന്നിത്തല എംഎല്‍എ സ്വാഗതം ചെയ്തു. എല്ലാ വര്‍ഗീയതയേയും എതിര്‍ക്കണമെന്ന് പറഞ്ഞ ചെന്നിത്തല ആര്‍എസ്എസിനേയും നിരോധിക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചു. പിഎഫ്ഐക്കെതിരായ നടപടിയെ എംകെ മുനീര്‍ എംഎല്‍എയും സ്വാഗതം ചെയ്തിരുന്നു.
പിഎഫ്ഐയേയും ആര്‍എസ്എസിനേയും താരതമ്യം ചെയ്യുന്നത് കപടമതേതരത്വമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു. പിഎഫ്ഐയെ നിരോധിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്താണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
നിരോധിക്കപ്പെട്ട സംഘടനകളിലൊന്നാണ് റീഹാബ് ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. ഐഎന്‍എല്ലിനെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റീഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
പിഎഫ്ഐയെ നിയമവിരുദ്ധ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്ക് പിഎഫ്ഐയേയും അനുബന്ധ സംഘടനകളേയും നിരോധിച്ചു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
റീഹാബ് ഇന്ത്യ ഫൗണ്ടേഷന്, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന്, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എമ്പവര്‍ ഇന്ത്യ ഫൗണ്ടേഷന്, റീഹാബ് ഫൗണ്ടേഷന് കേരളം എന്നിവയാണ് നിരോധിച്ച പിഎഫ്ഐയുടെ അനുബന്ധ സംഘടനകള്‍.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുസമാധാനത്തിനും വിരുദ്ധമായി തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐയും അനുബന്ധ സംഘടനകളും ഏര്‍പ്പെടുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.
ഇന്നലെ സംസ്ഥാന പൊലീസിന്റേയും ആന്റി ടെറര്‍ സ്ക്വാഡിന്റേയും (എടിഎസ്) രാജ്യവ്യാപകമായി പിഎഫ്ഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. കര്‍ണാടക, ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടന്നത്. 270 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ ആര്‍എസ്എസ് പോലുള്ള സംഘടനകളെയും നിരോധിക്കണമെന്ന് ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. ”പിഎഫ്ഐ നിരീക്ഷണ വിധേയമാക്കുകയാണ്, പിഎഫ്ഐ പോലുള്ള എല്ലാ സംഘടനകളെയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളെയും നിരോധിക്കണമെന്ന് ലാലു യാദവ് പറഞ്ഞു.