ന്യൂഡല്‍ഹി: എസ്.ഹരീഷിന്റെ വിവാദ നോവല്‍ മീശയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. നോവൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും തടയണമെന്നാണ് ഹര്‍ജി. ഡല്‍ഹി മലയാളിയായ രാധാകൃഷ്ണനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിമാനിയായ ഹിന്ദു എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. അഭിഭാഷക ഉഷ നന്ദിനി ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.

മീശ നോവലിലൂടെ ഹിന്ദുക്കളുടെ വികാരം വ്രണപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. നോവലിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടി ചാര്‍ളി ഹെബ്ദോയ്ക്ക് സമാനമായ പ്രതിഷേധം ഇന്ത്യയില്‍ ക്ഷണിച്ചുവരുത്തുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹർജിയില്‍ നാളെ വാദം കേള്‍ക്കും.

സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച നോവല്‍ ഡിസി ബുക്‌സ് ഇന്ന് പുസ്തകമായി പുറത്തിറക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം, സല്‍മാന്‍ റുഷ്ദിയുടെയും തസ്‌ലിമ നസ്രീന്റെയും പുസ്തകങ്ങള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന ചില രാഷ്ട്രീയക്കാര്‍ മീശക്ക് അനുകൂലമായി നിന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ രണ്ട് ലക്കം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോഴാണ് സംഘപരിവാര്‍ സംഘടനകള്‍ നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരില്‍ വിവാദവും അക്രമവും ആരംഭിച്ചത്. ഹരീഷിന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ അശ്ലീലവും അസഭ്യവുമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നു. ഹരീഷിനെതിരെ വധഭീഷണി വരെ ഉണ്ടായി.
Read More: എസ്. ഹരീഷിന്റെ ‘മീശ’ പുസ്തകമായി പ്രസിദ്ധീകരിച്ചു
ഹരീഷിനും കുടുംബാംഗങ്ങൾക്കും നേരെ ഭീഷണിയും മാതൃഭൂമിയ്ക്ക് നേരെ ആക്രമണങ്ങളും നടന്ന സാഹചര്യത്തിലാണ് ഹരീഷ് ജൂലൈ 21 ന് നോവല്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നത് പിന്‍വലിച്ചതായി അറിയിച്ചത്. മൂന്നാം ഭാഗം വന്നതിന് ശേഷമായിരുന്നു നോവല്‍ പിന്‍വലിച്ചത്. സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരുമുള്‍പ്പടെയുളളവര്‍ ഹരീഷിന് പിന്തുണയുമായി എത്തുകയായിരുന്നു.

‘എസ്.ഹരീഷിന്റെ ‘മീശ’ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. എസ്.ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡിസി ബുക്സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. ‘മീശ’ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വികെഎന്റെയോ ചങ്ങമ്പുഴയുടെയോ വിടിയുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേയ്ക്കാം. അതിനാല്‍ ‘മീശ’യുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു,’ എന്ന് ഡിസി ബുക്‌സ് അറിയിച്ചു. സൈനുല്‍ ആബിദാണ് മീശയുടെ കവര്‍ ഡിസൈന്‍ ചെയ്തിട്ടുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.