മൂന്നാർ: ഇടുക്കി രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിന് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്‌ധർ. ഓഗസ്റ്റ് തുടക്കത്തിൽ ശക്തമായ മഴയാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. രണ്ടായിരം മില്ലി ലിറ്റർ മഴ പ്രദേശത്ത് രേഖപ്പെടുത്തി. വളരെ കുറഞ്ഞ സമയത്ത് ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം.

പെട്ടിമുടിയിൽ പെയ്ത മഴയ്ക്കൊപ്പം സമീപ മലകളിൽനിന്നുള്ള വെള്ളവും കുത്തിയൊലിച്ച് വന്നതാണ് ഉരുൾപൊട്ടലിന് കാരണമായതെന്നാണ് നിഗമനം. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഓഗസ്റ്റ് ആറിന് പെട്ടിമുടിയിൽ പെയ്തത് 612 മില്ലി മീറ്റർ മഴ. ഓഗസ്റ്റിലെ ആദ്യ ആഴ്ച മാത്രം 2147 മില്ലി മീറ്റർ മഴ പ്രദേശത്ത് രേഖപ്പെടുത്തി. ഇതിന്റെ ഫലമായി 14 അടിയോളം ഉയരത്തിൽ വെള്ളമെത്തിയിരിക്കാമെന്നും കരുതുന്നു.

അതേസമയം, പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി പതിനെട്ടാം ദിവസമായ ഇന്നലെയും തിരച്ചില്‍ നടന്നു. ഇന്നലെയോടെ തിരച്ചിൽ പ്രവർത്തനം താൽകാലികമായി നിർത്തിവയ്ക്കുകയാണെന്ന് കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. പ്രദേശത്ത് തുടരുന്ന മഴയും പുഴയിലെ ജലനിരപ്പുയർന്നതും തിരച്ചിലിന് തടസമായിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി.

ഇതുവരെ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തിരച്ചിൽ നിർത്തേണ്ട സ്ഥിതിയായിരുന്നു. ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല.

കാണാതായവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂർണമായും പരിശോധന പൂർത്തിയാക്കിയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. ദിനേഷ് കുമാർ (20), റാണി (44), പ്രിയദർശനി (7), കസ്തൂരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, മൂന്നാറിലെ വിവിധ സാഹസിക പ്രവര്‍ത്തകര്‍ അടങ്ങിയ 30 അംഗ പ്രത്യേക സംഘമാണ് വനമേഖലയോട് ചേർന്ന പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയത്. വഴുക്കലുള്ള വലിയ പാറകള്‍ ഉള്ള പ്രദേശമായതിനാല്‍ സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ചായിരുന്ന തിരച്ചിൽ. ഏറെ ദുഷ്കരമായിരുന്ന ഉൾവനത്തിലെ തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച അംഗങ്ങളെയാണ് നിയോഗിച്ചത്.

മൂന്നാറിൽ ചേർന്ന അവലോകന യോഗത്തിൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് തിരച്ചിൽ സംഘത്തെ തീരുമാനിച്ചത്. അപകട സാധ്യത വളരെയേറെയുള്ള പുഴയിലെ കുത്ത് കേന്ദ്രീകരിച്ചും ദൗത്യ സംഘം തിരച്ചിൽ നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.